യുഎസ് പ്രസിഡന്റിനുപേലും ഒരുക്കാത്ത സുഖസൗകര്യങ്ങളാണ് പോപ് താരം ജസ്റ്റിൻ ബീബറിന് മുംബൈയിൽ ഒരുക്കിയിരിക്കുന്നത്. ബീബറിന്റെ അത്യാഡംബര സൗകര്യങ്ങളെക്കുറിച്ച് കേട്ടാൽ ആരും ഒന്നു ഞെട്ടും.
മുംബൈയിലെ ലോവർ പരേലിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്നു നിലകളാണ് ജസ്റ്റിൻ ബീബറിനായി മാറ്റിവച്ചിട്ടുളളത്. താരത്തിന്റെ വരവിനു മുന്നോടിയായി ഹോട്ടലുകൾ മോടി പിടിപ്പിച്ചു. താരത്തിന്റെ ഇഷ്ടനിറമായ പർപ്പിളിലാണ് മുറിയിലെ കാർപ്പറ്റടക്കമുളള അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ലിഫ്റ്റ് ബീബറിനു വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്.
ഹോട്ടൽ മുറിയിൽ ആഡംബര സോഫ സെറ്റ്, വാഷിങ് മെഷീൻ ഫ്രിഡ്ജ്, കബോർഡ്, മസാജ് ടേബിൾ എന്നിവ ഉണ്ട്. പരിപാടി കഴിഞ്ഞുള്ള വിശ്രമവേളകളില്‍ ഉല്ലസിക്കാന്‍ പിങ് പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ 100 ഹാങ്ങറുകള്‍, വാനില റൂം ഫ്രെഷ്‌നറുകള്‍. 10 വലിയ കണ്ടെയ്നറുകളിലാണ് ബീബറിന്റെ സാധനങ്ങൾ മുംബൈയിൽ എത്തിച്ചത്.
ജസ്റ്റിൻ ബീബറിനു ഒരുക്കിയിരിക്കുന്ന ഭക്ഷണങ്ങളും വളരെ സ്പെഷലണ്. വിവിധങ്ങളായ എനർജി ഡ്രിങ്കുകളും ഇഷ്ടപ്പെട്ട പഴങ്ങളും ലഘുഭക്ഷണങ്ങളും റെഡിയാണ്. 29 സംസ്ഥാനങ്ങളിലെ തനതു രുചിക്കൂട്ടിലുളള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ടു ഷെഫുമാരാണ് ബീബറിനായി ഭക്ഷണം ഒരുക്കുന്നത്. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങൾ തയാറാക്കി അതിനു ബീബറിന്റെ പ്രശസ്ത ഗാനങ്ങളുടെ പേര് നൽകും. സ്വർണം, വെളളി പൂശിയ പാത്രങ്ങളിലാണ് ബീബർ ഭക്ഷണം കഴിക്കുക.
ഹോട്ടലിനു പുറത്തു റോൾസ് റോയ്സ് കാറിലായിരിക്കും ബീബർ സഞ്ചരിക്കുക. മുംബൈയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യ ഉൾപ്പെടെയുളള ചില സ്ഥലങ്ങൾ ബീബർ സന്ദർശിച്ചേക്കും. ഹെലികോപ്റ്ററിൽ ആണ് സ്റ്റേഡിയത്തിലേക്ക് ബീബർ പോവുക. താരത്തിനൊപ്പമുളള 120 പേർക്ക് സഞ്ചരിക്കാൻ 10 അത്യാഡംബര കാറുകളും 2 വോൾവോ ബസും തയാറാക്കിയിട്ടുണ്ട്.
ഷോ കഴിഞ്ഞാൽ മുംബൈയിൽനിന്നും ഡൽഹിയിലേക്കായിരിക്കും ബീബർ പോവുക. ആഗ്രഹയിലെ താജ്‌മഹൽ സന്ദർശിക്കും. ജയ്പൂരിലെ ചില സ്ഥലങ്ങളും ബീബർ സന്ദർശിച്ചേക്കും. വെളളിയാഴ്ച ആയിരിക്കും താരം തിരികെ മടങ്ങിപ്പോവുക.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ബീബർ ചാർട്ടേഡ് വിമാനത്തിൽ മുംബൈ വിമാനത്താവളത്തിലെത്തിയത്. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷെറയാണ് 23കാരന് അംഗരക്ഷ ഒരുക്കുന്നത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ബീബറിന്റെ ഷോ നടക്കുന്നത്. രാത്രി എട്ട് മണിക്ക് ബീബര്‍ വേദിയിലെത്തും. ഒന്നരമണിക്കൂര്‍ നീളുന്ന സംഗീതപരിപാടിയാണ് ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുക. ആദ്യമായിട്ടാണ് ജസ്റ്റിന്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.