പോപ് താരം ജസ്റ്റിൻ ബീബറിന് ഇപ്പോൾ കഷ്ടകാലമാണെന്ന് തോന്നും. മിക്ക സംഗീത പരിപാടികളും ബീബറിന് പലവിധ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അടുത്തിടെ നടന്ന സംഗീത പരിപാടിയിൽ ബീബർ തന്റെ പാട്ടിന്റെ വരികൾ മറന്നുപോയത് ആരാധകരെ രോഷാകുലരാക്കിയിരുന്നു. ഇപ്പോഴിതാ രോഷം പൂണ്ട ആരാധകർ ബീബറിനുനേരെ കുപ്പി വലിച്ചെറിഞ്ഞിരിക്കുന്നു. ഭാഗ്യം കൊണ്ടാണ് ബീബർ രക്ഷപ്പെട്ടത്.
സ്റ്റോക്ക്ഹോമിൽ നടന്ന ഷോയ്ക്കിടെയായിരുന്നു സംഭവം. ബീബറിനോട് തന്റെ ഹിറ്റ് ഗാനമായ Despacito പാടാൻ ആരാധകർ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ആ ഗാനം പാടാൻ കഴിയില്ലെന്നും എനിക്കത് അറിയില്ലെന്നുമായിരുന്നു ബീബർ പറഞ്ഞത്. ബീബറിന്റെ ഈ വാക്കുകൾ അംഗീകരിക്കാൻ കാണികൾ തയാറായില്ല. രോഷം പൂണ്ട ആരാധകരിൽ ഒരാൾ ബീബറിനുനേരെ കുപ്പി വലിച്ചെറിഞ്ഞു. ബീബർ പെട്ടെന്ന് തന്നെ മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം, ബീബർ Despacito ഗാനം പാടാത്തതിന് മറ്റൊരു കാരണമുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയിൽ താരം ഈ ഗാനം പാടിയപ്പോൾ അതിലെ സ്പാനിഷ് വരികൾ മറന്നു പോയിരുന്നു. വരികൾ അറിയാതെ ആക്ഷൻ കാട്ടുന്ന ബീബറിന്റെ വിഡിയോ വൈറലായിരുന്നു.