വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് താപ്‌സി പന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഥപ്പട് ഉൾപ്പെടെ താപ്സിയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോളിതാ താപ്‌സിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും.

Read More: കൊച്ചുമോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു, മുത്തശ്ശനും വേഗം ഭേദമാകും

താപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും താപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് കട്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഋഷി കപൂറിന്റെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു.

“മാഡം, എനിക്ക് 74 വയസ്സാണ്. കാലിഫോർണിയയിൽ വച്ച് ഞാൻ കണ്ട മുൾക്ക് ഒഴികെ 40 വർഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാൻ കണ്ടിട്ടില്ല. ചിത്രത്തിൽ നിങ്ങളുടേയും ഋഷി കപൂറിന്റേയും പ്രകടനം മികച്ചതായിരുന്നു,” അദ്ദേഹം പറഞ്ഞു.

കട്ജുവിന് നന്ദി പറഞ്ഞ താപ്സി, തന്റെ ചിത്രം അദ്ദേഹം ശ്രദ്ധിച്ചതിൽ​ ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.

മുൾക്കിനെ കുറിച്ച് നിരവധി ആളുകൾ മോശമായി സംസാരിക്കുകയും ഇന്ത്യയിൽ മുസ്ലീങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുന്ന ഈ മഹത്തായ ചിത്രത്തെ, ചില നിക്ഷിപ്ത താൽപ്പര്യക്കാർ കുറഞ്ഞ ഐ‌എം‌ഡിബി റേറ്റിംഗുകൾ നൽകി തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഋഷി കപൂർ, താപ്‌സി എന്നിവക്ക് പുറമെ രജത് കപൂർ, നീന ഗുപ്ത, മനോജ് പഹ്‌വ എന്നിവരും 2018ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഥപ്പട്, ആർട്ടിക്കിൾ 15 എന്നീ ചിത്രങ്ങൾ​ സംവിധാനം ചെയ്ത അനുഭവ് സിൻഹയാണ് ചിത്രത്തിന്റെ സംവിധായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook