Rajisha Vijayan’s June Movie Review: ‘ജൂണ്‍’, ആ പേരുപോലെ തന്നെ ജൂണിന്റെ കഥയാണ്. ജൂണായി എത്തുന്നത് രജിഷ വിജയനും. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പ്ലസ് ടു ജീവിതം മുതല്‍ വിവാഹം വരെ നീണ്ടു നില്‍ക്കുന്ന കാലഘട്ടങ്ങളിലൂടെയാണ് ‘ജൂണ്‍’ കടന്നു പോകുന്നത്. ഇതിനിടെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രണയവും സൗഹൃദവും അത് അവളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമൊക്കെയാണ് ‘ജൂണ്‍’ പറയുന്നത്.

ചിത്രത്തെ കുറിച്ച് പറയും മുമ്പു തന്നെ പറയേണ്ടത് രജിഷ വിജയനെ കുറിച്ചാണ്. ഈ ചിത്രത്തിനായി രജിഷ നടത്തിയ മെയ്ക്ക് ഓവറും ഹാര്‍ഡ് വര്‍ക്കുമൊക്കെ നേരത്തെ തന്നെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ നില്‍ക്കുന്നത് രജിഷയുടെ പ്രകടനം തന്നെയാണ്. തന്റെ കഥാപാത്രത്തിനായി രജിഷ നടത്തിയ അധ്വാനം വെറുതെയായിട്ടില്ല. ക്ലംപീറ്റ് രജിഷ വിജയന്‍ ഷോ തന്നെയാണ് ‘ജൂണ്‍’ എന്ന് നിസ്സംശയം പറയാം. ആദ്യ പകുതിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായും രണ്ടാം പകുതിയിലെ കുറേക്കൂടി മുതിര്‍ന്ന പെണ്‍കുട്ടിയായും രജിഷ ഗംഭീര പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്.

ഒരു ഇടത്തരം കുടുംബത്തിലെ ഒരേയൊരു മകളാണ് ജൂണ്‍. മകളെ വളരെയധികം സ്‌നേഹിക്കുകയും അവളുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്യാത്ത പപ്പ (ജോജു), മകളുടെ ഭാവിയെ കുറിച്ച് ആശങ്കയുള്ള, ഉപദേശിക്കുകയും വഴക്കിടുകയും ചെയ്യുന്ന അമ്മ (അശ്വതി). ഇതാണ് ജൂണിന്റെ ലോകം. അവളുടെ പ്ലസ് വണ്‍ ക്ലാസിലെ ആദ്യ ദിനത്തില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മറ്റൊരു ചിത്രത്തിലും സമാനമായ രീതിയില്‍ പ്ലസ് വണ്‍-പ്ലസ് ടു ലൈഫിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. അതില്‍ അഭിനയിച്ചവരെല്ലാം കൗമാര പ്രായക്കാരായിരുന്നു. എന്നാല്‍ ജൂണിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രായം കൊണ്ട് അവരോളം ചെറുപ്പമല്ല. പക്ഷെ തങ്ങളുടെ റോളുകള്‍ അവതരിപ്പിക്കുന്നതിലെ ആത്മാര്‍ത്ഥതയാണ് ‘ജൂണി’ലെ സ്‌കൂള്‍ ലൈഫിനെ ജീവനുള്ളതാക്കുന്നത്. സ്‌കൂള്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ സംവിധായകൻ അഹമ്മദ് കബീര്‍ ‘ജൂണി’ലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

ക്ലാസ് മുറിയിലെ ഗാങ്ങുകളും തമാശകളുമൊക്കെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ്. ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളവരാണ്. സ്വഭാവത്തിലോ അഭിനയത്തിലോ കലർപ്പില്ലാതെ അഭിനയിച്ച അഭിനേതാക്കളെയെല്ലാം നമുക്ക് ഇഷ്ടമാകും. പ്രത്യേകിച്ചും സദാ ഒരുമിച്ച് നടക്കുന്ന മൂവര്‍ സംഘമായ ‘അസുര’. ഇങ്ങനെ ‘ത്രി ഇഡിയറ്റ്‌സ്’ ഗാങ് മിക്ക ക്ലാസ് മുറികളിലുമുണ്ടാകും. ക്ലാസ് മുറിയിലെ ചങ്ങാത്തത്തോടൊപ്പം തന്നെ രസകരമായ പ്രണയങ്ങളും ‘ജൂണ്‍’ കാണിച്ചു തരുന്നുണ്ട്. ജൂണിന്റേയും നോയലിന്റേയും നിശബ്ദ പ്രണയത്തെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ കാഴ്ച്ച വച്ച ഒതുക്കവും രണ്ട് അഭിനേതാക്കളുടെ പ്രകടനവും പ്രശംസ അര്‍ഹിക്കുന്നതാണ്.

ജൂണിന്റെ ജീവിതത്തിലെ പ്രണയങ്ങളിലൂടെയാണ് രണ്ടാം പകുതി സഞ്ചരിക്കുന്നത്. ആദ്യ പകുതിയിലെ സ്‌കൂള്‍ കുട്ടിയില്‍ നിന്നും കുറേക്കൂടി പക്വത വന്ന ജൂണാണ് രണ്ടാം പകുതിയില്‍. ഈയൊരു മാറ്റത്തെ അവതരിപ്പിക്കുന്നതില്‍ രജിഷ വിജയിച്ചിട്ടുണ്ട്. തന്റെ ചോയ്‌സിനെ കുറിച്ചും ഫ്യൂച്ചറിനെ കുറിച്ചുമെല്ലാം ജൂണ്‍ സംസാരിക്കുന്ന രംഗത്തിലെ രജിഷയുടെ പ്രകടനം മനോഹരമാണ്. ക്ലിഷേയായി മാറുമായിരുന്ന രംഗങ്ങളെയും ഡയലോഗുകളെയും തന്റെ പ്രകടനം കൊണ്ട് രജിഷ മികച്ചതാക്കുകയാണ്. ഇതിന് മുമ്പ് ഈ ഡയലോഗുകള്‍ മറ്റ് പലരും പറഞ്ഞ് കേട്ടതാണെങ്കില്‍കൂടിയും ജൂണിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത അവയെ ഹൃദയസ്പര്‍ശിയാക്കുന്നു. മലയാളത്തിലെ നായികമാരില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന കോമിക് ടൈമിങുള്ള നടിയാണ് രജിഷ. പപ്പയുമൊത്തുള്ള ബിയര്‍ അടി സീന്‍ ഉദാഹരണം.

ജോജുവിന്റെ പപ്പയും അശ്വതിയുടെ അമ്മയും ആർക്കും എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളാണ്. രണ്ടു പേരും മികച്ച പ്രകനടമാണ് നടത്തിയിരിക്കുന്നത്. ജോജുവും രജിഷയും തമ്മിലുള്ള കോംപിനേഷന്‍ സീനുകള്‍ക്ക് ജീവനുണ്ട്. നടനെന്ന നിലയില്‍ ആസ്വാദ്യകരമായൊരു സ്വാഭാവികത ജോജു കെെവരിച്ചിട്ടുണ്ട്. വർഷങ്ങള്‍ക്ക് ശേഷമുള്ള അശ്വതിയുടെ തിരിച്ചു വരവ് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്.

രണ്ടാം പകുതിയില്‍ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വച്ചത് അര്‍ജുന്‍ അശോകനാണ്. തന്റെ കഴിവിനൊത്ത റോളുകള്‍ ഇനിയും അര്‍ജുനെ തേടിയെത്തിയിട്ടില്ലെന്ന് ആനന്ദ് ഓര്‍മ്മിപ്പിക്കുന്നു. ഒരുപക്ഷെ ഈ ചിത്രത്തില്‍ പ്രകടനം കൊണ്ട് കയ്യടി നേടുന്ന ഒരേയൊരു നടന്‍ അര്‍ജുനാകും. അമ്മയോടുള്ള സ്‌നേഹവും ജൂണിനോടുള്ള പ്രണയവുമെല്ലാം അര്‍ജുന്റെ മുഖഭാവങ്ങളിലും വാക്കുകളിലും വ്യക്തമാണ്. കഥാപാത്രത്തോട് നടനെന്ന നിലയില്‍ അര്‍ജുന്‍ കാണിച്ച ആത്മാര്‍ത്ഥ ഓരോ സീനുകളിലും വ്യക്തമായി കാണാം. അംബ്ദേകറിനെ വായിക്കുന്ന, ബൈക്കോടിക്കുന്ന ജൂണിന്റെ കൂട്ടുകാരിയായി അഭിനയിക്കുന്ന പുതുമുഖതാരം ചുരുങ്ങിയ രംഗങ്ങളില്‍ തന്നെ തന്റെ സ്‌റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നുണ്ട്, പെര്‍ഫോം ചെയ്യാന്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ലെങ്കിൽപോലും.

അജു വര്‍ഗ്ഗീസിനെ പോലൊരു താരത്തിന്റെ കാസ്റ്റിങ് ചിത്രത്തിന് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്. കൂടാതെ ജൂണിനോളം തന്നെ പ്രധാന്യമുണ്ടായിരുന്ന പല കഥാപാത്രങ്ങളേയും രണ്ടാംപകുതിയില്‍ പെട്ടെന്ന് സ്‌ക്രീനില്‍ നിന്നും അപ്രതക്ഷ്യമാക്കിയതും അവരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച്ചയിലെ നാടകീയതയും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

നവാഗതന്‍ എന്ന നിലയില്‍ അഹമ്മദ് കബീറിലെ സംവിധായകന്‍ തൃപ്തിപ്പെടുത്തുന്നുണ്ട്. ചില രംഗങ്ങളില്‍ വലിച്ചു നീട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും പറയാനുള്ളതില്‍ വെള്ളം ചേര്‍ക്കാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു പോസിറ്റീവ് ഘടകം, ജിതിന്‍ സ്റ്റാനിസ്ലോസിന്റെ ക്യാമറയാണ്. സ്‌കൂൾ കാലഘട്ടത്തേയും മുംബൈയേയും കോട്ടയത്തേയും ഇത്ര മനോഹരമാക്കിയത് ആ ക്യാമറക്കണ്ണുകളാണ്. ഇഫ്തിയുടെ സംഗീതം ജൂണിന്റെ മൂഡിന് ചേരുന്നതാണ്.

ചിലയിടത്ത്, പ്രത്യേകിച്ച് അവസാന രംഗങ്ങളില്‍ അനുഭവപ്പെട്ട വലിച്ചു നീട്ടലുകളും ചില കഥാപാത്രങ്ങളെ അനാവശ്യമായി ചേര്‍ത്തതും ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്നൊരു ഫീല്‍ ഗുഡ് ചിത്രമാണ് ‘ജൂണ്‍’. അതിനേക്കാളുപരി രജിഷ വിജയന്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ ആത്മാര്‍ത്ഥതയുള്ള പ്രകടനം കൊണ്ട് മനോഹരമാകുന്ന ചിത്രം.

Read more: ‘ജൂണാ’യി രജിഷ വിജയന്റെ മേക്കോവര്‍; മുടിമുറിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ