റായ് ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2 വിന് സെൻസർ ബോർഡിന്റെ ക്ലീൻ ചിറ്റ്. ചിത്രത്തിന് ഒരു കട്ടും നിർദേശിക്കാതെ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. സെൻസർ ബോർഡിൽനിന്നും ഇതുതന്നെയാണ് താൻ പ്രതീക്ഷിച്ചതെന്ന് സെൻസർ ബോർഡ് മുൻ മേധാവിയും ജൂലി 2 വിന്റെ വിതരണക്കാരനുമായ പഹലാജ് നിഹാലാനി പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. സെൻസർ ബോർഡിന്റെ ചെയർമാൻ ഇപ്പോഴും ഞാനായിരുന്നുവെങ്കിൽ ഒരു കട്ടും നിർദേശിക്കാതെ ജൂലി 2 വിന് എ സർട്ടിഫിക്കറ്റ് നൽകുമായിരുന്നു. പ്രായപൂർത്തിയായ ആർക്കും കാണാവുന്ന ചിത്രമാണ് ജൂലി 2. ഈ സിനിമയിൽ നഗ്നതയോ, ദ്വയാർഥമുളള ഡയലോഗുകളോ ഇല്ല. ബോളിവുഡിൽ പുതിയതായി എത്തുന്നവർ ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ചുളളതാണ് ഈ ചിത്രം. സെൻസർ ബോർഡ് ശരിയായ കാര്യമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. രണ്ടാം ഭാഗത്തിൽ റായ് ലക്ഷ്മിയാണ് നായിക. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് റായ് ലക്ഷ്മി എത്തുന്നത്. ബിക്കിനി ധരിച്ചും റായ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ കരിയറിൽതന്നെ ഇത്രയും ഗ്ലാമറസായി റായ് ലക്ഷ്മി എത്തുന്നത് ഈ ചിത്രത്തിലായിരിക്കും.

ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്‌ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്. ബോളിവുഡിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന റായ് ലക്ഷ്മി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ ആറിനാണ് ജൂലി 2 റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ