കോളമ്പിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് നടി ജൂഹി ചൗളയുടെ മകൾ ജാൻവി മെഹ്ത. ഈ നേട്ടത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കമന്റ് കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഐ പി എൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളാണ് ഷാരൂഖ് ഖാനും, ജൂഹിയും ഭർത്താവ് ജയ് മെഹ്തയും. ഡ്രീം അൺലിമിറ്റഡ് എന്ന നിർമാണ കമ്പനിയും മൂവരുടെയും ഉടമസ്ഥയിലുണ്ടായിരുന്നു.
‘കോളമ്പിയ ക്ലാസ്സ് 2023’ എന്നു കുറിച്ചാണ് മകൾ ബിരുദം നേടുന്ന ചിത്രം ജൂഹി ട്വിറ്ററിൽ പങ്കുവച്ചത്. “ഇതു വളരെ നന്നായിട്ടുണ്ട്. അവൾ ഇവിടെ തിരിച്ചെത്തിയിട്ടു വേണം ഈ വിജയം ആഘോഷിക്കാൻ. ഇപ്പോൾ വളരെയധികം അഭിമാനം തോന്നുന്നു. ലവ് യൂ ജാൻസ്” എന്നാണ് ഷാരൂഖ് ട്വീറ്റിനു താഴെ കുറിച്ചത്.
ഷാരൂഖിന്റെ മക്കളായ സുഹാനയും ആര്യനും കുറച്ചു നാളുകൾക്ക് മുൻപാണ് ബിരുദം നേടിയത്.
കാലിഫോർണിയയിലെ സർവകലാശാലയിൽ നിന്ന് ആര്യൻ ബിരുദം നേടിയപ്പോൾ ന്യൂയോർക്ക് സർവകലാശാലയിൽ നിന്നാണ് സുഹാന തന്റെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
“സ്വന്തം മകളെ ഞാൻ തന്നെ പൊക്കി പറയരുതല്ലോ പക്ഷെ അവൾ വളരെ നല്ലൊരു വിദ്യാർത്ഥിയാണ്. സ്ക്കൂളിൽ പഠിക്കുമ്പോഴും അവൾ പഠനത്തിൽ മിടുക്കിയായിരുന്നു. ഹിസ്റ്ററിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന മാർക്ക് അവൾക്കായിരുന്നു. കോളമ്പിയ സർവകലാശാലയിൽ അധ്യാപകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഒരു വിദ്യാർത്ഥി കൂടിയാണവൾ” ജൂഹി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു.
പലരും സിനിമ മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയാണ് തന്റെ മകളെന്നും ജൂഹി പറയുന്നു. “അവൾക്കു കൂടുതലും ക്രിക്കറ്റിനോടാണ് താത്പര്യം. സ്പോർട്സിനെ കുറച്ച് സംസാരിക്കുമ്പോൾ അവൾ വളരെ സന്തോഷവതിയാണ്. ചിലപ്പോൾ എനിക്ക് തോന്നും, ഈ അറിവുകൾളൊക്കെ അവൾക്ക് എവിടെ നിന്ന് ലഭിക്കുന്നു എന്ന്, ജീവിതത്തിൽ തനിക്ക് വേണ്ടതെല്ലാം സ്വയം തിരഞ്ഞെടുക്കുന്ന കുട്ടിയാണ്. മിക്ക താരങ്ങളുടെയും മക്കൾ ബോളിവുഡിലേക്കുള്ള ഒരു എൻട്രിയ്ക്കായി കൊതിയ്ക്കുകയാണ്. പക്ഷെ അത് അവർക്കു മേൽ കൊടുക്കുന്ന സമ്മർദ്ദമായാണ് എനിക്ക് തോന്നുന്നത്.”
ഡർ, ഡ്യൂപ്ലീക്കേറ്റ്, യെസ് ബോസ്സ് തുടങ്ങി അനവധി ചിത്രങ്ങൾ ഷാരൂഖിനൊപ്പം ജൂഹി അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പഠാൻ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവ് ഷാരൂഖ് നടത്തി. ഷർമാജി നംക്കീൻ എന്ന ചിത്രത്തിലാണ് ജൂഹി അവസാനമായി വേഷമിട്ടത്.