നടി, നിർമാതാവ്, ടിവി അവതാരക എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്തയായ താരമാണ് ജൂഹി ചാവ്ല. നല്ലൊരു പാട്ടുകാരി കൂടിയാണ് ജൂഹി എന്ന കാര്യം പലർക്കും അറിയില്ല. ഒരു അവാർഡ് നൈറ്റിനിടയിൽ ജൂഹി പാട്ടുപാടുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ജൂഹിയുടെ പാട്ട് കേട്ട് അമ്പരന്ന സുസ്മിത സെന്നിനെയും കരൺ ജോഹറിനെയും വീഡിയോയിൽ കാണാം. 2004ലെ സീ അവാർഡ്സ് വേദിയിൽ നിന്നുള്ളതാണ് വീഡിയോ.
1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയിയായ ജൂഹി മോഡലിംഗിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ നിരവധി ചിത്രങ്ങളിൽ ജൂഹി നായികയായിരുന്നു. ഏകദേശം 70ൽ അധികം ഹിന്ദി സിനിമകളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രങ്ങൾക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, പഞ്ചാബി, ഗുജറാത്തി ഭാഷകളിലും ജൂഹി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ജൂഹി അഭിനയിച്ചിരുന്നു.