scorecardresearch

‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്’, വൈറൽ പാട്ടിനു പിന്നിലെ ആളെ പരിചയപ്പെടുത്തി ജൂഡ് ആന്തണി

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജൂഡ് പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയത്

സമൂഹ മാധ്യമങ്ങളിൽ ഈ അടുത്ത് വൈറലായ ഒരു പാട്ടാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇൻസ്റ്റഗ്രാമിൽ ഈ പട്ടു ഉപയോഗിച്ചു ചെയ്ത രസകരമായ റീൽസുകൾ പങ്കുവച്ചിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ പാട്ട് ശ്രദ്ധനേടിയത്. ഇപ്പോഴിതാ പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തുകയാണ് ജൂഡ്.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജൂഡ് പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയത്. സാറാസിലെ കലാ സംവിധായകനെ ആരാധകർക്ക് പരിചയപ്പെടുത്തി പങ്കുവച്ച പോസ്റ്റിലാണ് കുഞ്ഞി പുഴു പാട്ടിനു പിന്നിലെ വ്യക്തി ആരാണെന്ന് ജൂഡ് വെളിപ്പെടുത്തിയത്.

“ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ‘ദി ഗ്രേറ്റ് ആർട്ട് ഡയറക്ടർ ഓഫ് സാറാസ്’.”

“സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. ‘അവന്റെയൊരു കുഞ്ഞിപ്പുഴു’,” ജൂഡ് ആന്തണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read: എമ്പുരാന്‍ 50 കോടിക്ക് തീരുമായിരിക്കും അല്ലെ; ആന്റണിയുടെ ചോദ്യം കേട്ട് ഞെട്ടി പൃഥ്വി

ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ അന്നാ ബെൻ, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു രസകരമായ രംഗമായാണ് കുഞ്ഞിപ്പുഴു പാട്ടു വരുന്നത്. ജൂലൈ അഞ്ചിനു ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

അന്ന ബെന്നിന്റെ പിതാവ് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മല്ലിക സുകുമാരാൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയ കുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jude anthany jospeh introduces kunjipuzhu song writer saras film