കേരളത്തിലെ തിയേറ്ററുകൾക്ക് പുത്തൻ ആവേശം നൽകുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം. നിറഞ്ഞ തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനകം തന്നെ നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴും എറണാകുളം ജില്ലയിൽ മാത്രം പ്രതിദിനം 125 ഓളം ഷോകളോളം ചിത്രത്തിനുണ്ട് എന്നത് തന്നെ കൗതുകമുണർത്തുന്ന കാര്യമാണ്. ഒരു ഉദാഹരണമെടുത്താൽ, എറണാകുളം നഗരമധ്യത്തിൽ എംജി റോഡിന്റെ ഇരുവശവുമായി ഒരു കിലോ മീറ്റർ ചുറ്റളവിൽ കിടക്കുന്ന മൂന്നു തിയേറ്റർ സമുച്ചയങ്ങളാണ് കവിത, ഷേണായീസ്, സിനിപോളീസ് എന്നിവയിലെ ഷോകളുടെ എണ്ണം തന്നെ നോക്കാം. സിനി പോളീസിൽ 15, ഷേണായീസിൽ 18, കവിതയിൽ 5 എന്നിങ്ങനെ പോവുന്നു ഷോകളുടെ എണ്ണം. കൂടാതെ ഇടപ്പള്ളിയിൽ ഒബ്റോൺ മാൾ, ലുലു മാൾ എന്നിവിടങ്ങളിലെ പിവിആർ തിയേറ്ററുകളിൽ മാത്രം 10 ഷോകളും 2018നുണ്ട്. ലുലുവിന് അടുത്തു കിടക്കുന്ന വനിത- വിനീത തിയേറ്ററിലും 10 ഷോകൾ ചിത്രത്തിനുണ്ട്.
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ 2018 പ്രദർശനം തുടരുമ്പോൾ, ബോക്സ് ഓഫീസ് കണക്കുകളിലെ ചില ആശയക്കുഴപ്പങ്ങളാണ് ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ ചർച്ചയാവുന്നത്. ‘7 വർഷങ്ങൾക്കു ശേഷം നമ്മൾക്ക് ഒരു പുതിയ ഇൻഡസ്ട്രി ഹിറ്റ് ഉണ്ടായിരിക്കുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമായി 2018 മാറിയിക്കുന്നു. 17 ദിവസം കൊണ്ട് 137.35 കോടി രൂപ കളക്റ്റ് ചെയ്തുകൊണ്ട് പുലിമുരുകന്റെ റെക്കോർഡിനെ മറികടന്നിരിക്കുന്നു,’ എന്നാണ് ഫോറം കേരളയുടെ ട്വീറ്റ്. എന്നാൽ ഈ ട്വീറ്റിനു താഴെ വിയോജിപ്പുമായി എത്തുകയാണ് മോഹൻലാൽ ആരാധകർ.
ഇൻഡസ്ട്രി ഹിറ്റ് എന്നു പറഞ്ഞാൽ എന്താണെന്ന് അറിയോ? എന്നാണ് ട്രാക്കർമാരോട് ലാൽ ആരാധകരുടെ ചോദ്യം. പുലിമുരുകന്റെ റെക്കോർഡ് ബ്രേക്ക് ചെയ്യാൻ ഇതുവരെ 2018നു സാധിച്ചിട്ടില്ലെന്ന് ഒരു കൂട്ടം വാദിക്കുന്നു. അതേസമയം, പുലിമുരുകന്റെ കളക്ഷൻ റോക്കോർഡ് ഇടയ്ക്കിടെ തിരുത്തപ്പെടുന്നുണ്ടോ എന്നാണ് മറ്റൊരു വിഭാഗം ആളുകൾ ചോദിക്കുന്നത്.
സമാനമായ ആശയക്കുഴപ്പം സോഷ്യൽ മീഡിയയിൽ പലരും പ്രകടിപ്പിക്കുന്നുണ്ട്. “ഒരു ജനുവിൻ ഡൗട്ടാണ്. പുലിമുരുകന്റെ ഫൈനൽ കളക്ഷൻസ് എത്രയാണ്. ആദ്യം കണ്ടത് 138 കോടി. പിന്നത് 142. ചിലയിടത്ത് 145 കോടി. ഇനി ഇപ്പോഴും ഈ സിനിമ കേരളത്തിൽ ഓടുന്നുണ്ടോ?എങ്ങനെയാണ് ഇത് കൂടിവരുന്നത്?” എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം.
‘2018ന്റെ കളക്ഷൻ കൂടുന്നത് അനുസരിച്ച് പുലിമുരുകന്റെ കളക്ഷനും കൂടുന്നതിനു പിന്നിലെ പ്രതിഭാസമെന്താണ്?’ എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം.