ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്; ‘മരക്കാർ’ കണ്ട ജൂഡ് ആന്റണി പറയുന്നു

സിനിമയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു മോഹൻലാലും പ്രിയദർശനും ഇന്നലെ രംഗത്തെത്തിയിരുന്നു

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികാരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നുൾപ്പെടെ ലഭിക്കുന്നത്. ചിത്രത്തെ വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്.

വിമർശനങ്ങൾക്കിടയിൽ മരക്കാർ ടീമിനെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി. ഇതുപോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്നാണ് ജൂഡ് പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

“ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത് . 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്. ഒരു സിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ” ജൂഡ് ആന്റണി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

സിനിമയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു മോഹൻലാലും പ്രിയദർശനും ഇന്നലെ രംഗത്തെത്തിയിരുന്നു. “ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരക്കാറിന് നൽകുന്ന നല്ല പ്രതികരണത്തിൽ ആഹ്ലാദിക്കുന്നു. മരക്കാർ ടീമിന് മുഴുവൻ നന്ദി ഞാൻ പറയുന്നു, നിങ്ങൾ എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല.” എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.

“ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി” എന്നായിരുന്നു പ്രിയദർശന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്.

Also Read: യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും വരരുത്; ‘ഗോൾഡി’നു മുന്നറിയിപ്പുമായി അൽഫോൺസ് പുത്രൻ

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Jude anthany joseph facebook post about marakkar movie mohanlal priyadarshan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express