കസബ സിനിമയ്ക്ക് എതിരായ വിമർശനത്തെ തുടർന്ന് നടി പാർവ്വതിക്കെതിരെ സൈബർ ആക്രമണം തുടരുന്നതിനിടയിൽ, ഇവരുടെ പുതിയ സിനിമയ്ക്ക് പിന്തുണയുമായി സംവിധായകൻ ജൂഡ് ആന്റണി. സൈബർ ആക്രമണത്തെ കാടത്തമെന്ന് വിശേഷിപ്പിച്ചാണ് ജൂഡ് ആന്റണി ഫെയ്സ്ബുക്കിൽ അഭിപ്രായം പങ്കുവച്ചത്.

നേരത്തേ കസബ വിമർശനത്തിൽ പാർവ്വതിക്കെതിരെ നിലപാടെടുത്ത ജൂഡിനെ കടുത്ത ഭാഷയിലാണ് പാർവ്വതി വിമർശിച്ചത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ജൂഡിനെതിരെ വിമർശനം ഉയർന്നു. ഇതിനിടയിലാണ് പാർവ്വതി പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടത്.

പൃഥ്വിരാജ് നായകനാവുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിൽ പാർവ്വതിയാണ് പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ മേക്കിങ് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തതിനെ സമൂഹമാധ്യമങ്ങളിലെ വലിയൊരു കൂട്ടം ഡിസ്‌ലൈക്ക് ചെയ്തിരുന്നു.

വ്യക്തിവിരോധം തീർക്കേണ്ടത് സിനിമയ്ക്ക് എതിരെ ആക്രമണം നടത്തിയല്ലെന്നാണ് ജൂഡ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചത്.

“ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. #സപ്പോർട്ട് സിനിമ”, എന്നാണ് ജൂഡ് കുറിച്ചത്. തന്റെ പിന്തുണ സിനിമയ്ക്കാണെന്ന് പോസ്റ്റിൽ ജൂഡ് എടുത്തുപറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ