മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘അങ്കിൾ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് നടനും സംവിധായകനുമായ ജോയ് മാത്യു ആയിരുന്നു. ഇക്കുറി ദുൽഖറിനെ നായകനാക്കി ഒരു ത്രില്ലർ ചിത്രം സംവിധാനം ചെയ്യുകയാണ് ജോയ് മാത്യു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
“ഇത് എന്റെ മറ്റെല്ലാ സിനിമകളെയും പോലെ സമകാലിക കാലഘട്ടത്തിലെ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലറാണ്. നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം,” എന്ന് ജോയ് മാത്യു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയിലെ ദുൽഖറിന്റെ കഥാപാത്രത്തെക്കുറിച്ച് അധികം വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും ഈ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ഒരു നടൻ എന്ന നിലയിൽ ദുൽഖറിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ മേഖലയിൽ താരങ്ങൾ ഒരുപാടുണ്ടെങ്കിലും നല്ല പ്രകടനങ്ങൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Read More: ഇതാണോ സുകുമാര കുറുപ്പ്? ; ദുല്‍ഖറിന്റെ പുതിയ ലുക്ക് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ദുൽക്കറിനു പുറമേ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരെ മാത്രമേ ഇതുവരെ സിനിമയുടെ ഭാഗമായി സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ജോയ് മാത്യു പറയുന്നു. അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും അന്തിമരൂപം ആകുന്നതേയുള്ളൂ. സിനിമയുടെ ഇതിവൃത്തം കേരളത്തിലാണെങ്കിലും മറ്റ് സംസ്ഥാനങ്ങളും ലൊക്കേഷനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുപ്പിന്റെ ഷൂട്ടിങ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്. വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖറിന് പുറമെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.
വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല.