scorecardresearch
Latest News

നായകൻ ദുൽഖർ; സംവിധാനം ജോയ് മാത്യു

രാഷ്ട്രീയ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ക്രൈം ത്രില്ലറാണ് ചിത്രമെന്നാണ്​ റിപ്പോർട്ട്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

നായകൻ ദുൽഖർ; സംവിധാനം ജോയ് മാത്യു

‘ഷട്ടർ’ എന്ന ചിത്രത്തിനു ശേഷം വീണ്ടും സംവിധായകനാവാൻ ഒരുങ്ങി ജോയ് മാത്യു. രണ്ടാമത്തെ ചിത്രത്തിൽ ദുൽഖറാണ് നായകൻ. രാഷ്ട്രീയ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ക്രൈം ത്രില്ലറാവും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോയ് മാത്യു തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും.

ജോയ് മാത്യുവിന്റെ നിർമാണകമ്പനിയായ അബ്റാ ഫിലിംസും ദുൽഖർ സൽമാന്റെ നിർമാണകമ്പനിയായ വേ ഫാറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

കഴിഞ്ഞ വർഷം മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്ത ‘അങ്കിൾ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജോയ് മാത്യു ആയിരുന്നു. ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയും ജോയ് മാത്യു അവതരിപ്പിച്ചിരുന്നു.

ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം’സോയ ഫാക്ടർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്ന സന്തോഷത്തിലാണ് താരമിപ്പോൾ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുൽഖറിപ്പോൾ. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും ഈ ചിത്രത്തിൽ ദുൽഖറിനൊപ്പമുണ്ട്. ഇതാദ്യമായാണ് സുരേഷ് ഗോപിയും ദുൽഖറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

Read more: ദുൽഖറിന് ചെക്ക് പറഞ്ഞ് സുരേഷ് ഗോപി

ഒരിടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, ഇരുവരെ സംബന്ധിച്ചും ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആറു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ശോഭന തിരിച്ചെത്തുമ്പോൾ തൊണ്ണൂറുകളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ‘തിര’യിലാണ് ഒടുവിൽ ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം ശോഭന അഭിനയിച്ച അവസാനചിത്രം 2005 ല്‍ റിലീസ് ചെയ്ത ജയരാജ് ചിത്രം ‘മകള്‍ക്ക്’ ആയിരുന്നു. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം യുവതലമുറയിലെ ശ്രദ്ധേയ താരങ്ങളായ ദുൽഖറും കല്യാണിയും കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരെ സംബന്ധിച്ചും പ്രതീക്ഷകൾ ഏറെയാണ്.

ചെന്നൈയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. “ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നതിങ്ങനെ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചെന്നൈയിലാണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും. എം സ്റ്റാർ കമ്മ്യൂണിക്കേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Joy mathew dulquer salmaan next film