സംവിധായകൻ, തിരകഥാകൃത്ത്,നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. 1986 ൽ പുറത്തിറങ്ങിയ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് ‘ഷട്ടർ’ എന്ന ചിത്രം താരം സംവിധാനം ചെയ്യുന്നത്. നാടകകൃത്ത് കൂടിയായ ജോയ് മാത്യു ഇരുപ്പത്തിരണ്ടോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
ദുബായിലെ ഇലക്ട്രോണിക്‌സ് കമ്പനി സേയിൽസ് മേധാവിയായിരുന്ന സരിതയെയാണ് താരം വിവാഹം ചെയ്തത്. ഇവർക്ക് മാത്യു, ആൻ, ടാനിയ എന്ന പേരുകളിലായി മൂന്നു മക്കളുണ്ട്. ഇതിൽ ആനിന്റെ വിവാഹമായിരുന്നു ഇന്നലെ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകളെ കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്ന ജോയ് മാത്യുവിനെ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നടന്ന റിസപ്ഷനിൽ താരങ്ങളായ രഞ്ജി പണിക്കർ, ഇന്ദ്രൻസ്, മുത്തുമണി, സംവിധായകൻ ജോഷി, സിദ്ദിഖ്, വിനയ് ഫോർട്ട് തുടങ്ങിയവർ പങ്കെടുത്തു.
അലി അക്ബറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്നതാണ് ജോയ് മാത്യുവിന്റെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ ചിത്രം ‘ചാവേറി’നു തിരകഥ ഒരുക്കുന്നതും ജോയ് മാത്യുവാണ്.