ഒരു വലിയ നടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ച മകനെ അതിനായി അനുവദിച്ചില്ലെന്ന് നടൻ ടിനി ടോം പറഞ്ഞിരുന്നു. സിനിമാലോകത്തെ ലഹരിയുടെ ഉപയോഗമാണ് ഇതിനുള്ള കാര്യമായി താരം പറഞ്ഞത്. ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ടിനി ടോം. താരത്തിന്റെ വാക്കുകളോട് യോജിപ്പില്ലെന്നും സിനിമാമേഖലയെ മുഴുവനായി അധിക്ഷേപിക്കുന്ന രീതിയിലാണ് ടിനി പറഞ്ഞതെന്നും നടൻ ജോയ് മാത്യൂ പറഞ്ഞു.
“കാടടച്ച് വെടിവയ്ക്കുകയാണ് ടിനി ടോം ചെയ്തത്. ചിലപ്പോൾ പ്രശസ്തിയ്ക്കു വേണ്ടി ചെയ്തതായിരിക്കും. അമ്മ സംഘടന തന്നെ ടിനി ടോമിനോട് ഇതേക്കുറിച്ച് ചോദിക്കണം. ഒന്നും ജനറലൈസ് ചെയ്യരുത്. . ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിൽ കൃത്യത വേണം. എന്തുകൊണ്ട്, ആര് എന്നെല്ലാം വ്യക്തമാക്കണമായിരുന്നു” ജോയ് മാത്യൂ പറയുന്നു.
ശ്രീനാഥ് ഭാസിയ്ക്കും ഷെയ്നിനു വിലക്കുകളില്ലെന്നും ഇരുവരുമിപ്പോൾ സോഹൻ സീനുലാലിന്റെ ചിത്രത്തിൽ അഭിനയിക്കുകയാണെന്നും കൂട്ടിച്ചേർത്തു. നിർമാതാക്കൾക്ക് താത്പര്യമില്ലെങ്കിൽ അവരെ വച്ച് പടമെടുക്കേണ്ടെന്നും ജോയ് മാത്യൂ പറയുന്നു.
“അവർ താമസിച്ച് വരുന്നു എന്ന് പറയുന്നത് അവരുടെ സ്വഭാവമായിരിക്കാം. പക്ഷെ അവർ ലഹരി ഉപയോഗിച്ചാണോ വരുന്നതെന്ന് പറയാൻ പറ്റില്ല. ഞാൻ വിശ്വസിക്കുന്നുമില്ല, അങ്ങനെ ലഹരി ഉപയോഗിച്ചൊന്നും ഒരാൾക്ക് പെർഫോം ചെയ്യാൻ പറ്റില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും, മദ്യപിച്ചാൽ പോലും അഭിനയിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഇത് വളരെ ബോധപൂർവ്വം ചെയ്യേണ്ട കാര്യമാണ്. വലിയ ഡയലോഗുകളും ഫൈറ്റുമൊക്കെയുണ്ടാകും” ജോയ് മാത്യൂ പറയുന്നു.
മലയാള സിനിമാലോകത്ത് ലഹരി ഉപയോഗം വർധിക്കുന്നെന്ന ആരോപണം ടിനി ടോം, ബാബു രാജ് ഉൾപ്പെടെയുള്ള താരങ്ങൾ ഉന്നയിച്ചിരുന്നു. കൊച്ചിയിലെ സിനിമാസെറ്റുകളിൽ ആവശ്യം വന്നാൽ റെയ്ഡ് നടത്തുമെന്ന കാര്യം പൊലീസും ഇതേ തുടർന്ന് അറിയിച്ചു.