ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ അപ്രതീക്ഷിതവിയോഗം സമ്മാനിച്ച നടുക്കത്തിലാണ് അഭിനേത്രിയായ മാലാ പാർവ്വതി. “വിശ്വസിക്കാനാകുന്നില്ല ബഷീർ… എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല,” മാലാ പാർവ്വതിയുടെ വാക്കുകളിൽ നിറയുന്നത് പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വിഷമമാണ്. സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണമുണ്ടാക്കിയ നടുക്കത്തിലാണ് അവർ.
“ജോലി സംബന്ധമായി പരിചയപ്പെട്ടതായിരുന്നു ബഷീറിനെ. പിന്നീട് എന്തു സഹായത്തിനും വിളിക്കാവുന്ന ഒരു സുഹൃത്തായി ബഷീർ മാറി. വല്ലാത്ത ഷോക്കാണ് ഈ മരണം,” മാലാ പാർവ്വതി പറഞ്ഞു.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്നു മലപ്പുറം സ്വദേശി കെ എം ബഷീർ. വെള്ളിയാഴ്ച രാത്രി 12 മണിയോട് അടുത്താണ് അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന് പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറാണ് അപകടത്തിൽ പെട്ടത്.
മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം.ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്നു. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.