വിജയ് ചിത്രം സുറയെ ഷാരൂഖ് ഖാൻ ചിത്രം ജബ് ഹാരി മെറ്റ് സേജളിനോട് ഉപമിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് ആരാധകരുടെ അസഭ്യ വർഷം. സുറ സിനിമയെക്കുറിച്ച് മോശം അഭിപ്രായം ട്വിറ്ററിൽ എഴുതിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ”വിജയ് ചിത്രം ‘സുറ’ ഇന്റർവെൽവരെ മാത്രമാണ് ഞാൻ കണ്ടത്. അതു കഴിഞ്ഞപ്പോൾ ഞാൻ തിയേറ്റർ വിട്ടുപോയി. എന്നാൽ ജബ് ഹാരി മെറ്റ് സേജൾ ആ റെക്കോർഡ് തകർത്തു. ഇന്റർവെൽവരെ പോലും എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല”. ഇതായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകയായ ധന്യ രാജേന്ദ്രൻ ട്വിറ്ററിൽ എഴുതിയത്.

ഇതു കണ്ട വിജയ് ആരാധകർ ട്വിറ്ററിൽ ധന്യയ്ക്കെതിരെ ട്രോളുകൾ പുറത്തിറക്കുകയും മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് നാലിനാണ് ധന്യ ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് ചെയ്ത് 48 മണിക്കൂറുകൾക്കുശേഷവും വിജയ് ആരാധകർ ധന്യയ്ക്കെതിരായ അസഭ്യ വർഷം നിർത്തിയിട്ടില്ല. #PublicityBeepDhanya എന്ന ഹാഷ്‌ടാഗിൽ ട്വിറ്ററിൽ മോശം സന്ദേശങ്ങൾ പ്രചരിക്കുകയാണ്. 30,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്‌ടാഗിൽ പ്രചരിച്ചത്.

ഈ ഹാഷ്‌ടാഗ് രൂപീകരിക്കുകയും അത് പ്രചരിക്കാൻ തുടങ്ങുന്നതിന് മുൻപായി ധന്യയ്ക്ക് ഭീഷണിസന്ദേശവും ലഭിച്ചു. അതിനിടെ ധന്യയെ പിന്തുണച്ച് ഗായിക ചിന്മയി രംഗത്തെത്തി. ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പ്രവൃത്തികളെ നടന്മാർ വിലക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ വിജയ്‌യുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകാത്തതിൽ ധന്യ നിരാശ പ്രകടിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേർ വിജയ്‌യുടെ ഓഫിസ് സന്ദർശിച്ചു. പക്ഷേ എന്നിട്ടും വിജയ് പ്രതികരിക്കാത്തതെന്താണെന്ന് ധന്യ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ