Joseph Movie Review: ഒരു ഇടവേളയ്ക്കു ശേഷം ഏറെ പുതുമയുള്ള ഒരു കഥയുമായി എം പത്മകുമാർ എന്ന സംവിധായകൻ വീണ്ടും എത്തുകയാണ് – ക്രൈം ത്രില്ലെർ /ഇമോഷണൽ ഡ്രാമാ ഴോണറിൽ പെടുത്താവുന്ന ചിത്രമായ ‘ജോസഫി’ലൂടെ

ജോലിയിൽ നിന്നും വിരമിച്ചു തനിയെ ജീവിതം നയിക്കുന്ന ജോസഫ്‌ എന്ന ഒരു റിട്ടയേർഡ് പൊലീസുകാരൻ. ജീവിതം സമ്മാനിച്ച മുറിവുകളും സർവീസ് കാലം മുതൽ കൂടെയുള്ള കുറച്ചു സഹപ്രവർത്തകരുമാണ് അയാളുടെ ലോകം. ഒരു കുറ്റാന്വേഷകൻ ആവാൻ വേണ്ടി തന്നെ ജനിച്ചൊരാൾ എന്നയാളെ വിശേഷിപ്പിക്കാം. നീണ്ടൊരു സർവീസ് കാലത്തിന്റെ അനുഭവ പരിചയം മാത്രമല്ല അത്, ഏതു കള്ളത്തിൽ നിന്നും സത്യത്തിന്റെ ഒരു സ്പാർക് കണ്ടെത്താനുള്ള സഹജമായൊരു കൂർമബുദ്ധി അയാളിലുണ്ട്. അത് കൊണ്ടാണ് സർവീസിൽ നിന്ന് പിരിഞ്ഞിട്ടും മേലുദ്യോഗസ്ഥർ അയാളുടെ സഹായം തേടുന്നത്. ഒടുവിൽ, അയാളെയും ബാധിച്ചു കടന്നു പോവുന്ന ഒരു അപകട മരണത്തിന്റെ പിറകെ, അതിന്റെ നിഗൂഢതകൾ ചികഞ്ഞു ജോസഫ്‌ എന്ന കുറ്റാന്വേഷകൻ നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.

Read More: ജോസഫും നിത്യഹരിതനായകനും ലഡുവും ഇന്ന് തിയേറ്ററുകളിലേക്ക്

ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലെർ ചിത്രം എന്നതിന് അപ്പുറത്തേക്ക് വൈകാരികമായി കൂടെ പ്രേക്ഷകനെ സ്പർശിക്കുന്നുണ്ട് സിനിമ. പത്മകുമാർ എന്ന സംവിധായകൻ ഒരിക്കൽ കൂടി മലയാള സിനിമയിൽ തന്റെ പ്രതിഭയെ അടയാളപ്പെടുത്തുകയാണ് ‘ജോസഫി’ലൂടെ.

സർവീസിൽ നിന്ന് പിരിഞ്ഞ ഒരു പോലീസുകാരന്റെ സത്യാന്വേഷണ കഥ എന്ന വേറിട്ടൊരു പ്ലോട്ടിനെ പരിചയപ്പെടുത്തുന്നത്, മറ്റൊരു പൊലീസുകാരൻ ആണെന്നുള്ളതാണ് ‘ജോസഫ്‌’ കാത്തുവെക്കുന്ന മറ്റൊരു കൗതുകം. പൊലീസുകാരനായ ഷാഹി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ജോജു എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ‘ജോസഫി’ൽ കാണാനാവുക. ഏറെ കയ്യടക്കത്തോടെയും തന്മയത്തോടെയും ജോജു, സങ്കീർണതകൾ ഏറെയുള്ള ജോസഫ്‌ എന്ന കഥാപാത്രമായി മാറുകയാണ്. ജോസെഫിന്റെ പ്രണയവും വേദനകളും നീറ്റലും നിസ്സംഗതകളുമൊക്കെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന അഭിനയമുഹൂർത്തങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ. മധ്യവയസ്കനായ ഒരാളുടെ ശരീരഭാഷയൊക്കെ അയത്ന ലളിതമായാണ് ജോജു ആവിഷ്ക്കരിക്കുന്നത്. അപ്പു-പാത്തു-പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു തന്നെയാണ് നിർമാണം.

ദിലീഷ് പോത്തൻ, ആത്മീയ, സുധി കോപ്പ, ഇർഷാദ്, മാധുരി, മാളവിക, ജെയിംസ്, ജോണി ആന്റണി, ഇടവേള ബാബു, ജാഫർ ഇടുക്കി,  നെടുമുടി വേണു എന്നിവരുടെയെല്ലാം കഥാപാത്രങ്ങൾ കഥയോട് അത്രമേൽ നീതി പുലർത്തുന്നുണ്ട്. ജോജുവിന്റെ ജോസെഫും ദിലീഷ് പോത്തന്റെ പീറ്റർ എന്ന കഥാപാത്രവും തമ്മിലുള്ള ഹൃദയബന്ധവുമൊക്കെ ഒന്ന് പാളി പോയാൽ വൻപരാജയം ആയി പോകാവുന്ന ഏരിയകളാണ്. അവിടെ ഒക്കെ റിയലിസ്റ്റിക് ആയ സമീപനം കൊണ്ട് സംവിധായകൻ പുലർത്തിയ ഔന്നിത്യം എടുത്തു പറയുക തന്നെ വേണം.

മനേഷ് മാധവന്റെ ഛായാഗ്രഹണം, മനസ്സിനെ സ്പർശിക്കുന്ന പാട്ടുകൾ ഒരുക്കിയ രണ്ജിന്‍ രാജിന്റെ സംഗീത സംവിധാനം, അനിൽ ജോൺസണിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവയെല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്.

അതിശക്തമായ തിരക്കഥ, കാമ്പുള്ള കഥാപാത്രങ്ങൾ, പുതുമയേറിയ കഥാ സന്ദർഭങ്ങൾ, ഹൃദയസ്പർശിയായ മികച്ച അഭിനയ മുഹൂർത്തങ്ങൾ…, പ്രേക്ഷകരെ നിരാശരാക്കാതെ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു നല്ല ചിത്രമാണ് ‘ജോസഫ്‌’. ‘ജോസഫ്‌’ കാണാതെ പോയാൽ അതൊരു നഷ്ടമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook