ജോജു ജോര്‍ജിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘ജോസഫി’നെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചിത്രം മരണാനന്തര അവയവദാനത്തെ കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കുന്നുവെന്ന് ഐഎംഎ സെക്രട്ടറി ഡോ.എന്‍ സുല്‍ഫി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജോസഫിനെ കൂടാതെ മോഹന്‍ലാല്‍ നായകനായ മുന്‍കാല ചിത്രം ‘നിര്‍ണ്ണയം,’ ബെന്യാമിന്റെ നോവല്‍ ‘ശരീരശാസ്ത്രം’ എന്നിവയ്‌ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്നും പ്രമേയത്തില്‍ അതിഭാവുകത്വം ഉണ്ടാകുമെന്നും ജോസഫിന്റെ സംവിധായകന്‍ എം.പത്മകുമാര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പത്മകുമാറിന്റെ പ്രതികരണം. ആരോഗ്യരംഗത്തുള്ളവര്‍ കഥകളോട് അസഹിഷ്ണുത പുലര്‍ത്തുകയല്ല, രോഗികളോട് കൂടതല്‍ ഉത്തരവാദിത്തം കാണിക്കുകയാണ് ചെയ്യേണ്ടതെന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം. ബൈക്കിടിച്ച് കൊലപ്പെടുത്തി അവയവം മോഷ്ടിക്കുന്ന കഥയാണ് ബെന്യാമിന്റെ ശരീരശാസ്ത്രം പറയുന്നത്.

മരണാനന്തര അവയവദാനത്തിനു പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ ആശുപത്രികള്‍ തട്ടിപ്പ് നടത്തുന്നുവെന്നും അര്‍ഹരല്ലാത്തവര്‍ക്കാണ് അവയവങ്ങള്‍ നല്‍കുന്നതെന്നുമൊക്കെയുള്ള തരത്തിലാണ് സിനിമയുടെ പോക്കെന്നാണ് ആരോപണം.

Read More: Joseph Movie Review: കാണാതെ പോകരുത് ഈ ‘ജോസഫി’നെ

മെഡിക്കല്‍ രംഗം പൂര്‍ണമായും അഴിമതി രഹിതമാണെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ എം.പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അവയവദാനരംഗത്ത് തെറ്റായ പ്രവണതകളുണ്ട്. ഏതെങ്കിലും ആശുപത്രിക്കെതിരെയോ ഡോക്ടര്‍ക്കെതിരെയോ അല്ല സിനിമ. സിനിമയെന്ന നിലയില്‍ പ്രമേയത്തില്‍ അതിഭാവുകത്വം ഉണ്ടാകുമെന്നും എം.പത്മകുമാര്‍ പറഞ്ഞു.

അവയവദാനത്തിലൂടെ പുതു ജീവന്‍ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരതയാണ് ഈ മൂന്ന് കലാസൃഷ്ടികളും ചെയ്തിരിക്കുന്നതെന്ന് ഡോ സുല്‍ഫി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook