/indian-express-malayalam/media/media_files/uploads/2018/11/pihu.jpg)
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നാലു ചിത്രങ്ങളാണ് നവംബർ 16 ന് (നാളെ) തിയേറ്ററുകളിലെത്തുന്നത്. നടനും നിർമാതാവുമായ ജോജു ജോർജ് നായകനാവുന്ന 'ജോസഫ്', ജ്യോതിക നായികയാവുന്ന 'കാട്രിൻ മൊഴി', വിജയ് ആന്റണിയുടെ 'തിമിരു പിടിച്ചവൻ', മൂന്നു വയസ്സുകാരിയായ മൈറ വിശ്വകർമ്മ കേന്ദ്രകഥാപാത്രമാകുന്ന 'പിഹു' എന്നിവയാണ് ഈ വെള്ളിയാഴ്ച റിലീസിനെത്തുന്ന സിനിമകൾ.
എം.പദ്മകുമാര്‍ ആണ് ജോജുവിനെ കേന്ദ്രകഥാപാത്രമാക്കി 'ജോസഫ്' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് 'ജോസഫ്'. ‘മാന്‍ വിത്ത് സ്‌കെയര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കുറ്റാന്വേഷണ കഥയായ ജോസഫില്‍ പത്മപ്രിയയും മിയയുമാണ് നായികമാര്‍. നീണ്ട ഇടവേളയ്ക്കു ശേഷം പദ്മപ്രിയ മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 'ജോസഫി'നായി കിടിലന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്.
സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്. ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ ജോജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നു കൂടിയാണ് 'ജോസഫ്'.
റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെന്ന കഥാപാത്രമായാണ് 'കാട്രിൻ മൊഴി'യിൽ ജ്യോതികയെത്തുന്നത്. വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം ‘തുമാരി സുലു’വിന്റെ കോളിവുഡ് പതിപ്പാണ് ‘കാട്രിന്‍ മൊഴി’. രാധാ മോഹനാണ് ചിത്രത്തിന്റെ സംവിധായകൻ. 2007ൽ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മൊഴി’ക്കു ശേഷം രാധാ മോഹനും ജ്യോതികയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കാട്രിന്‍ മൊഴി’.
ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത് വിഥര്‍ത്താണ്. നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. റേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ വര്‍ഷം ആദ്യമിറങ്ങിയ സംവിധായകന്‍ ബാലയുടെ ‘നാച്ചിയാര്‍’, മണിരത്‌നത്തിന്റെ മള്‍ട്ടി സ്റ്റാറര്‍ ചിത്രം ‘ചെക്ക ചിവന്ത വാനം’ എന്നീ ചിത്രങ്ങൾക്കു ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമെന്ന രീതിയിലും ഏറെ പ്രതീക്ഷയുണർത്തുന്നുണ്ട് 'കാട്രിൻ മൊഴി'.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പ്രകടനവുമായി വിജയ് ആന്റണി വീണ്ടുമെത്തുന്ന ചിത്രമാണ് 'തിമിരു പുടിച്ചവൻ'. വിജയ് ആൻറണി പോലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗണേഷ് ആണ്. ഇൻസ്‌പെക്ടർ മുരുഗവേൽ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് ഡയറക്ഷനും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നതും വിജയ് ആന്റണി തന്നെ. വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ ബാനറിൽ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധായകനായ ഗണേശ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. റിച്ചാർഡ് എം നാഥൻ ആണ് ഛായാഗ്രാഹകൻ. നിവേദ പേതുരാജ്, ഡാനിയേൽ ബാലാജി, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'റോഷഗഡു' എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് വേർഷനും റിലീസിനൊരുങ്ങുന്നുണ്ട്.
ഒരു രണ്ടു വയസ്സുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും, എന്തൊക്കെ ചെയ്തേക്കാം തുടങ്ങിയ ഭയപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകുന്ന ദൃശ്യങ്ങളുമായി നാളെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ‘പിഹു’.
റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ശിൽപ്പ ജിൻഡാലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യോഗേഷ് ജൈനിയാണ് സിനിമാറ്റോഗ്രാഫർ. സംഗീതം വിഷാൽ ഖുറാന. മൂന്നു വയസ്സുകാരിയായ മൈറ വിശ്വകർമ്മയാണ് 'പിഹു' ആയി എത്തുന്നത്. കുഞ്ഞു മൈറയുടെ ആദ്യസിനിമയാണ് 'പിഹു'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.