ചെറിയ കാലയളവുകൊണ്ടു തന്നെ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസുകളില്‍ ഇടം നേടിയ നടനാണ് ജോജു ജോര്‍ജ്. ഇത്തവണ ജോജു എത്തുന്നത് ആരെയും ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ്. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് പുതിയ ഗെറ്റപ്പ്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജുവാണ്. എഴുപതു വയസ് പ്രായമുള്ള ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത് സ്‌കെയര്‍’ എന്നാണ് ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ‘ജോസഫ്’ ഒരു കുറ്റാന്വേഷണ കഥയാണ്.

ജോജുവിനെ കൂടാതെ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജുവാണ്. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിക്കുന്നത്.

നിലവില്‍ സനല്‍ കുമാര്‍ ശശിധരന്റെ ചോല എന്ന ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്. നിമിഷ സജയന്‍, അഖില്‍ എന്നിവരാണ് ചോലയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ