കൊച്ചു കൊച്ചു വേഷങ്ങളിലൂടെ വളര്‍ന്ന നടനാണ് ജോജു ജോര്‍ജ്. സിനിമയ്ക്കായി പതിനെട്ട് വര്‍ഷങ്ങള്‍ കാത്തിരുന്ന്, ഇന്ന് ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി വിജയിപ്പിക്കാനുള്ള പാകതയിലേക്ക് ജോജു എത്തിയിരിക്കുന്നു. പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം ജോജുവിന്റെ ജീവതത്തിലെ തന്നെ ഒരു വഴിത്തിരിവാണ്.
അഭിനയം മാത്രമല്ല സിനിമാ നിര്‍മ്മാണ രംഗത്തും ജോജു സജീവമാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ ഗായകനും കൂടിയായിരിക്കുകയാണ് ഈ നായകന്‍. ചിത്രത്തിലെ ‘പാടവരമ്പത്തിലൂടെ’ എന്ന ഹിറ്റ് ഗാനം പാടിയിരിക്കുന്നത് ജോജുവും കൂടിയാണ്.
Read More: മാസ് സംവിധായകനും മരണമാസ് നായകന്മാരും ഒന്നിക്കുന്ന ‘പൊറിഞ്ചുമറിയം ജോസ്’
ഒരു പുരസ്‌കാര വേദിയില്‍ ഈ ഗാനം പാടി കൈയ്യടി വാങ്ങിയിരിക്കുകയാണ് ജോജു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മ്യൂസിക് ഇല്ലാതെ പാടാമെന്ന് ജോജു പറഞ്ഞപ്പോള്‍ ‘നിങ്ങ പാടടാ’ എന്ന് സദസില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ ജോജുവിന്റെ മറുപടിയെത്തി. ‘ആ, ഞാന്‍ പാടൂടാ..’ എന്ന. നിറഞ്ഞ കൈയ്യടിയുടെ അകമ്പടിയോടെ ജോജു പാടി ‘പാടത്തിന്നോരത്തവള്‍ എന്നും ഇരിക്കും…’ എന്ന്.
ജോസഫ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ഇക്കുറി ജോജു നേടി. ഹിറ്റ് മേക്കര്‍ ജോഷി ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ ആണ് ജോജുവിന്റെ അടുത്ത ചിത്രം. ചെമ്പന്‍ വിനോദും ജോജുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് നൈല ഉഷയാണ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.