കോവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുന്നതിന്റെ വിരസത അകറ്റാൻ പലരും പല ജോലികളും ചെയ്യുന്നുണ്ട്. എന്നാൽ നടൻ ജോജു ജോർജ് തന്റെ ജീവിത ശൈലി തന്നെ മാറ്റി. സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലുമൊക്കെയായി ലോക്ക്ഡൌൺ കാലം ജോജു ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ഡോക്ടർ വിപിനും ആണ് തന്നെ സഹായിച്ചതെന്നും ജോജു സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
മാര്‍ച്ചിലെ ലോക്ഡൗണോടെയാണ് താനിതു തുടങ്ങിയതെന്നും, ഈ ആശയത്തിന് കടപ്പാട് സജീവ് പാഴൂരിനോടാണെന്നും ജോജു പറയുന്നു. അദ്ദേഹത്തിന് മനോഹരമായ അടുക്കളത്തോട്ടമുണ്ട്.വീട്ടാവശ്യത്തിനായി സജീവ് പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു.
രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികൾക്കും അച്ഛനമ്മമാർക്കും വിഷമയമില്ലാത്ത ഭക്ഷണം നൽകുന്നതിന്റെ സന്തോഷവും ജോജു പങ്കുവയ്ക്കുന്നു. എല്ലാവരും ഇത്തരം കാര്യങ്ങൾ സ്വന്തം വീടുകളിൽ തുടങ്ങണമെന്ന ഉപദേശവും ജോജു നൽകുന്നു.