ആമസോണ്‍ തീ കെടുത്താന്‍ 5 മില്യണ്‍ ഡോളര്‍ നല്‍കിയ ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് സൂപ്പർതാരവുമായ ലിയനാർഡോ ഡി കാപ്രിയോയ്ക്ക് കൈയ്യടിച്ച് മലയാളി താരം ജോജു ജോർജ്. ‘ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്,’ എന്നായിരുന്നു ജോജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടു വന്നതും ഇപ്പോൾ തീയണയ്ക്കാനുള്ള സഹായം ചെയ്യുകയും വഴി വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഡികാപ്രിയോ തെളിയിച്ചുവെന്നും ജോജു പറഞ്ഞു.

 

View this post on Instagram

 

ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിന് ശേഷമാണ് U.N അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോനിണ് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് Leo തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ. Leonardo Di Caprio

A post shared by JOJU (@joju_george) on

ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് എല്ലാവരും മൗനം ഭജിക്കുന്നുവെന്നും മാധ്യമങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഡികാപ്രിയോ ചോദിച്ചിരുന്നു. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള കുത്തക മാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്തത്. “ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകൾ, ഭൂമിയിലെ ജീവജാലങ്ങൾക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി കത്തിയമരുകയാണ്. അക്ഷരാർഥത്തിൽ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്”-ഡി കാപ്രിയോ കുറിച്ചു.

ഇതിനു പിന്നാലെയാണ് ആമസോണ്‍ വനത്തിന്റെ സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡി കാപ്രിയോ അഞ്ച് മില്യണ്‍ ഡോളര്‍ (36 കോടിയിലേറെ രൂപ) സംഭാവന നല്‍കിയത്. ആഗോള പരിസ്ഥിതിക്ക് കടുത്ത ഭീഷണിയായി മാറിയ ആമസോണ്‍ കാട്ടു തീ ഒതുക്കാന്‍ ബ്രസീല്‍ ഭരണകൂടം വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് താന്‍ നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് വഴി ഡി കാപ്രിയോ ഈ തുക നല്‍കിയത്.

ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോണ്‍ വനങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുമ്പോള്‍ ബ്രസീലിന്റെ മാത്രം സ്വത്താണതെന്നും ആമസോണ്‍ വനങ്ങളെ എങ്ങനെ ഉപയോഗിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പറയുന്നത്. വനനശീകരണത്തിനു മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. എന്നാൽ ലോകത്തിന്റെ ആശങ്കകള്‍ ഏറിയപ്പോള്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി.

Read Here: ചെന്നൈയെ രക്ഷിക്കാന്‍ ഇനി മഴയ്ക്ക് മാത്രമേ സാധിക്കൂ: ഡികാപ്രിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook