രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്രത്തിലെ എല്‍വിസ് എന്ന കഥാപാത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷെ പ്രേക്ഷകര്‍ ജോജു ജോര്‍ജ് എന്ന നടനെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാകുക. ഏതാനും ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറാന്‍ ജോജുവിന് സാധിച്ചു.

ഇത്തവണ ജോജു എത്തുന്നത് ആരെയും ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ്. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ പുതിയ ഗെറ്റപ്പ് ഗംഭീരമാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പങ്കു വച്ചത്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജുവാണ്. എഴുപതു വയസ് പ്രായമുള്ള ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത് സ്‌കെയര്‍’ എന്നാണ് ടാഗ്ലൈനോടെ ഒരുങ്ങുന്ന ‘ജോസഫ്’ ഒരു കുറ്റാന്വേഷണ കഥയാണ്. പദ്മപ്രിയയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍.

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പദ്മപ്രിയ. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്.

അഭിനയത്തിനൊപ്പം നിര്‍മ്മാണവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് ഇദ്ദേഹം. മഞ്ജു വാര്യര്‍ നായികയായ ‘ഉദാഹരണം സുജാത’, ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ജോജുവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ