ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’യെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ എങ്ങും. ഷേക്സ്പിയറിന്റെ ‘മാക്ബത്തി’നെ അടിസ്ഥാനമാക്കി ശ്യാം പുഷ്കരൻ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ റബ്ബർക്കാടുകൾക്കിടയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീടും ആ വീട്ടിലെ ഏതാനും അംഗങ്ങളും കഥാപാത്രമായി വരുന്ന ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. ഫഹദ് അവതരിപ്പിക്കുന്ന ജോജിയെന്ന കഥാപാത്രത്തിന്റെ അപ്പൻ പനച്ചേൽ കുട്ടപ്പനെ അവതരിപ്പിച്ച പി.എൻ.സണ്ണിയാണ് ‘ജോജി’ കണ്ടിറങ്ങുമ്പോൾ ശ്രദ്ധ കവരുന്ന ഒരാൾ.
തന്നോളം വളർന്ന മക്കൾക്കു മുന്നിലും അധികാരഗർവ്വോടെ തലയുയർത്തി നിൽക്കുന്ന, ഒരു വലിയ വീടിനെ ചൊൽപ്പടിയ്ക്കു നിർത്തുന്ന അതികായൻ കഥാപാത്രം. നിങ്ങള് വല്ലാത്തൊരു അപ്പൻ തന്നെയെന്നാണ് സിനിമ കണ്ടിറങ്ങുന്ന ആരാധകർ പ്രതികരിക്കുന്നത്.
കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ സണ്ണി പൊലീസ് സേനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ആയോധനകലകളിൽ പ്രാവിണ്യം നേടിയ സണ്ണി മിസ്റ്റർ കേരള മത്സരത്തിലും രണ്ടാമതെത്തിയിരുന്നു. ജിംനേഷ്യവും കളരിയുമൊക്കെ പരിശീലിപ്പിച്ചിരുന്ന സണ്ണി സ്ഫടികം ജോർജിനെ കളരി പരിശീലിപ്പിച്ചതാണ് വഴിത്തിരിവായത്. സ്ഫടികമെന്ന ചിത്രത്തിനു വേണ്ടി കോട്ടയം സിവിഎൻ കളരിയിൽ ജോർജിനെ പരിശീലിപ്പിച്ച സണ്ണിക്കും ചിത്രത്തിൽ ഒരു അവസരം ലഭിച്ചു. സ്ഫടികത്തിൽ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിച്ചത്. എദൻ, അൻവർ, അശ്വാരൂഢൻ, ഹൈവേ, സ്വസ്ഥം ഗൃഹഭരണം, ഇയ്യോബിന്റെ പുസ്തകം, ഡബിൾ ബാരൽ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം സിനിമകളിലും സണ്ണി വേഷമിട്ടിട്ടുണ്ട്.
Read more: Joji Malayalam Movie Review: ‘മാക്ബത്ത്’ നവമലയാളസിനിമയില് എത്തുമ്പോള്; ‘ജോജി’ റിവ്യൂ