ഈയാഴ്ച തിയേറ്ററില്‍ എത്തുന്നത്‌ നാല് മലയാള ചിത്രങ്ങളാണ്.  ‘ജോണി ജോണി യെസ് പപ്പ’, ‘കൂദാശ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഹു’ എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസിനെത്തുന്നത്.

ജോണി ജോണി യെസ് അപ്പ

‘പാവാട’ എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമായ ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. അനു സിതാര നായികയാവുന്ന ചിത്രത്തിൽ മമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

‘വെള്ളിമൂങ്ങ’യുടെ തിരക്കഥയൊരുക്കിയ ജോജി തോമസ് ആണ് ‘ജോണി ജോണി യെസ് പപ്പ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ രാജൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിയാൽ.

ഒരു അപ്പന്റെയും മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ അപ്പൻ കഥാപാത്രമായ കറിയാ മാഷിന്റെ വേഷത്തിലെത്തുന്നത് വിജയരാഘവനാണ്. ടിനി ടോം, കലാഭവൻ ഷാജോൺ, നെടുമുടി വേണു, നിഷാന്ത് സാഗർ, ലെന, വീണ നായർ, പീറ്റർ അലക്‌സ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഫ്രഞ്ച് വിപ്ലവം

സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. 1990 ഏപ്രില്‍ ഒന്നിന് ഉണ്ടായ ചാരായ നിരോധനത്തെ കുറിച്ചും അതിനു ശേഷം കൊച്ചുകടവ് എന്ന ഗ്രാമത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം പറയുന്നത്. അബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി ചിത്രത്തിലെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ഈ മാ യൗ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് നായിക. ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണി മായ, ശശി കലിംഗ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകൾ. അന്‍വര്‍ അലിയും ഷാജില്‍ ഷായും ഷജീറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കി. ദീപു പ്രകാശാണ് എഡിറ്റിങ്ങ്.

ഹൂ

പേളി മാണി നായികയാവുന്ന മിസ്റ്റിക് ത്രില്ലർ ചിത്രം ‘ഹു’വും നാളെ പ്രദർശനത്തിനെത്തുകയാണ്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, പ്രശാന്ത് നായർ ഐഎഎസ്, രാജീവ് പിള്ള, ഗോപു പടവീടൻ എന്നിവരാണ് മറ്റു താരങ്ങൾ. കളക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ​ ഐഎഎസ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഹു’. ഡോ. സാമുവൽ എന്ന കഥാപാത്രത്തിനെയാണ് പ്രശാന്ത് നായര്‍ അവതരിപ്പിക്കുന്നത്.

എഡിറ്റർ അജയ് ആദ്യമായി നിർമ്മാതാവുന്ന ചിത്രം കോറിഡോർ 6 മൂവിയും രവി കൊട്ടാരക്കരയും ചേർന്നാണ് നിർമ്മിക്കുന്നത്. അമിത് സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിശാഖാ ബൊഖിൽ സൗണ്ട് ഡിസൈനിംഗും സിനോയ് ജോസഫ് ഡോൾബി അറ്റ്മോസ് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ഹു’ വിന് മലയാളിയ്ക്ക് അത്ര പരിചിതമല്ലാത്ത നിയോ നോയർ, ട്രൈം ട്രാവൽ ചിത്രങ്ങളുടെ സ്വഭാവമാണ് ഉള്ളത്.

കൂദാശ

ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂദാശ’. ഒരു ത്രില്ലർ ഡ്രാമ ഴോണറിൽ പെടുന്ന ചിത്രത്തിൽ മെത്രാൻ ജോയ് ആയാണ് ബാബുരാജ് എത്തുന്നത്. ആര്യൻ കൃഷ്ണമേനോൻ, സായികുമാർ, ദേവൻ, ജോയ് മാത്യു​​എന്നിവരും ചിത്രത്തിലുണ്ട്. മുഹമ്മദ് റിയാസും ഒമറുമാണ് നിർമ്മാതാക്കൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ