കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് ഇല്ല. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി നടന്‍ ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചു. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ തന്നെ കൈയ്യിലെടുത്ത ജോണി ഡെപ്പ് ഇനി ഉണ്ടാകില്ലെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

ജോണിയുടെ കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പരാതീനകളുമാണ് ഡിസ്‌നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൈറേറ്റ്‌സിന്റെ തിരക്കഥാകൃത്തായ സ്റ്റുവര്‍ട്ട് ബീറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് സ്റ്റുവര്‍ട്ട് ബീറ്റി പറയുന്നു. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറില്‍ ഈ വേഷം കൊണ്ട് കോടികള്‍ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥാകൃത്ത് പറയുന്നു.

അഞ്ച് പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമകളില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്‌മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രം ഈ പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തിയേറ്ററില്‍ നിന്നും കളക്ട് ചെയ്തത്.

2006 ലെ ദ് ഡെഡ് മാന്‍സ് ചെസ്റ്റ് എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. തുടര്‍ന്ന് അറ്റ് വേള്‍ഡ്‌സ് എന്‍ഡ് എന്ന ചിത്രം 2007ല്‍ ഇറങ്ങി. പിന്നീടാണ് ഓണ്‍ സ്‌ട്രെയ്ഞ്ചര്‍ ടൈഡ്‌സ് 2011 ല്‍ ഇറങ്ങി. പിന്നീട് 2013 ല്‍ ദ് കേര്‍സ് ഓഫ് ദ് ബ്ലാക്ക് പേള്‍ എന്ന ചിത്രം ഇറങ്ങി. പിന്നീടാണ് 2017 ല്‍ ഡെഡ്‌മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രം ഈ പരമ്പരയില്‍ വന്നത്.

തന്റെ അഭിനയ ശൈലി കൊണ്ട് ലോകം മുഴുവന്‍ ജാക്ക് സ്പാരോയ്ക്ക് ആരാധകരെ ഉണ്ടാക്കാന്‍ ജോണി ഡെപ്പിന് സാധിച്ചിരുന്നു. പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ ആത്മാവായിരുന്നു ജോണി ഡെപ്പ്. അടുത്ത ചിത്രം പുറത്തിറക്കുമ്പോള്‍ ജോണിയ്ക്ക് പകരം ആരെയാകും നിര്‍മ്മാതാക്കള്‍ എത്തിക്കുക എന്നാണ് അറിയേണ്ടത്. ജോണി ഉണ്ടാക്കിയെടുത്ത സ്ഥാനവും ഇംപ്കാടും മറ്റാര്‍ക്കും പുനരവതരിപ്പിക്കാനാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ നീക്കത്തെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നതും കണ്ടറിയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook