/indian-express-malayalam/media/media_files/uploads/2022/02/Vijayaraghavan-Johny-Antony.jpg)
ജോണി ആന്റണി മലയാളികൾക്ക് ഇന്ന് സംവിധായകൻ മാത്രമല്ല, സ്ക്രീനിൽ മുഖം തെളിയുമ്പോഴെ പ്രേക്ഷകരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രിയപ്പെട്ട താരം കൂടിയാണ്. ആറാട്ട്, ഹൃദയം, തിരുമാലി, മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ചിരിസാന്നിധ്യമായി ജോണി ആന്റണി നിറഞ്ഞു നിൽപ്പുണ്ട്.
പ്രേക്ഷകർ മാത്രമല്ല, ജോണി ആന്റണിയെ നിറസാന്നിധ്യമായി സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമുണ്ട്. 'ആറാട്ട്' സിനിമയുടെ ഷൂട്ടിനിടയിൽ നടൻ വിജയരാഘവൻ തനിക്ക് നൽകിയ പ്രോത്സാഹനത്തെ കുറിച്ച് തുറന്നു പറയുകയാണ് ജോണി ആന്റണി.
"ആറാട്ടിന്റെ ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനുമൊത്ത് (വിജയരാഘവൻ) അഭിനയിക്കുകയാണ്. ഷൂട്ട് കഴിഞ്ഞപ്പോൾ കുട്ടേട്ടൻ എന്നെ വിളിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ഒന്നിച്ചിരിക്കുന്നതിനിടയിൽ, 'ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാൽ മതി, നല്ലതാണ്, നന്നാവുന്നുണ്ട് എന്ന് പറഞ്ഞു."
"അതെനിക്ക് കുറേകൂടി സന്തോഷവും ആത്മവിശ്വാസവും നൽകി. നമ്മളെ സ്നേഹിക്കുന്ന, നമ്മൾ ബഹുമാനിക്കുന്ന ആളുകൾ പറയുന്ന നല്ല വാക്കുകൾ പ്രചോദനമാണ്. ഞാനൊക്കെ ഒരു തലോടലു കിട്ടിയാൽ മാത്രം മുന്നോട്ട് പോവുന്ന ഒരു സാധാരണ മനുഷ്യനാണ്," ജോണി ആന്റണി പറയുന്നു.
സഹസംവിധായകനായിട്ടായിരുന്നു ജോണി ആന്റണി സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെയെല്ലാം അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. സി.ഐ.ഡി. മൂസ (2003) എന്ന ചിത്രത്തിലൂടെയാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനായത്. ആദ്യചിത്രം തന്നെ സൂപ്പർഹിറ്റായി. പിന്നീട്, കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009), മാസ്റ്റേഴ്സ് (2012), താപ്പാന (2012), ഭയ്യ ഭയ്യ (2014), തോപ്പിൽ ജോപ്പൻ (2016) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
/indian-express-malayalam/media/media_files/uploads/2022/02/Johny-Antony-Indrans.jpg)
ഉദയപുരം സുൽത്താൻ, ഈ പറക്കും തളിക പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത 'ഡ്രാമ' എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രമാണ് അഭിനയജീവിതത്തിൽ ജോണി ആന്റണിയ്ക്ക് വഴിത്തിരിവായത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഗാനഗന്ധർവ്വൻ, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ, ഹോം, എല്ലാം ശരിയാകും എന്നിങ്ങനെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മെമ്പർ രമേശൻ ഒമ്പതാം വാർഡ് വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടാൻ ഈ നടന് സാധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us