ലോകം ഏറ്റെടുത്ത കടല്‍ക്കൊള്ളക്കാരന്‍ ജാക്ക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് വേഷമിടില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ വെറും കിംവദന്തികളാണെന്ന് മാത്രമായിരുന്നു കടുത്ത ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആ കഥാപാത്രത്തെ ഇനി ജോണി ഡെപ്പ് അവതരിപ്പിക്കില്ലെന്ന് ചിത്രം നിര്‍മ്മിക്കുന്ന ഡിസ്‌നി സ്റ്റുഡിയോസിന്റെ മേധാവി സീന്‍ ബൈലി ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.

ഹോളിവുഡ് റിപ്പോര്‍ട്ടറുമായുളള അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഡെഡ്പൂള്‍ എഴുതിയ പോള്‍ വെര്‍ണിക്കും റെറ്റ് റീസും പുതിയ പുതിയ സിനിമ എഴുതുമ്പോള്‍ അതില്‍ ജോണി ഡെപ്പ് ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് പുതിയ ഊര്‍ജവും ഉണര്‍വുമാണ് ചിത്രത്തിന് നല്‍കേണ്ടത്. പൈരേറ്റ്സ് ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ പോളിനും റെറ്റിനും പുതുമ വേണം. അത്കൊണ്ട് തന്നെയാണ് അവരെ ഞാന്‍ തിരഞ്ഞെടുത്തതും,’ സീന്‍ ബൈലി പറഞ്ഞു. ആരാണ് ജാക്ക് സ്പാരോ ആയി വേഷമിടുക എന്ന ചോദ്യത്തിന് സീന്‍ ബൈലി ഉത്തരം പറഞ്ഞില്ല.

ജോണി ഡെപ്പിന്റെ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതയുമാണ് ഡിസ്‌നി സ്റ്റുഡിയോയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി ആരാധകരെ സൃഷ്ടിക്കുകയും ജീവിതങ്ങളെ സ്വാധീനിക്കുകയും ചെയ്ത കഥാപാത്രമാണ് പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ശ്രേണിയിലെ ജാക്ക് സ്പാരോ എന്ന നായകന്‍. ജോണി ഡെപ്പ് എന്ന നടന്‍ അനശ്വരമാക്കിയ കഥാപാത്രത്തിന് ഇന്ത്യയിലും ആരാധകരേറെയുണ്ട്. എന്നാല്‍, ഇനി ആ വേഷത്തില്‍ ജോണി ഡെപ്പിനെ ആരാധകര്‍ കാണില്ല.

ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് സ്റ്റുവാര്‍ട്ട് ബീറ്റി പറയുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ അഞ്ച് ചിത്രങ്ങളില്‍ ജോണി ഡെപ്പ് ജാക്ക് സ്പാരോയായി എത്തിയിരുന്നു.

2003 ലാണ് പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പോലെ തന്നെ പിന്നീട് വന്ന നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ആറാമത് ചിത്രത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കവേയാണ് ഈ വാര്‍ത്ത. പുതിയ ജാക്ക് സ്പാരോയായി ആരാണ് എത്തുക എന്ന് കാത്തിരുക്കുകയാണ് ആരാധകര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ