മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ സംവിധായകരിൽ രണ്ടു പേരാണ് കെ.ജി ജോർജും പവിത്രനും. ഇവരുടെ അടുത്ത സുഹൃത്തും കലാമൂല്യമുള്ള നിരവധി മലയാള സിനിമകൾക്ക് തിരക്കഥ ഒരുക്കുകയും ചെയ്ത ആളാണ് ജോൺ പോൾ. അദ്ദേഹം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സിനിമ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.

Read More: ‘ഞാൻ തന്നെ അതിശയിച്ച എന്റെ ലുക്ക്’: ഫോട്ടോ ഷൂട്ട് ചിത്രവുമായി നദിയ മൊയ്തു

തിരുവനന്തപുരത്ത് വെച്ച് നടന്ന മാക്ട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, വേദിയില്‍ പാട്ട് പാടുന്ന സംവിധായകന്‍ പവിത്രനെയും, അടുത്ത് നിന്ന് ഡാൻസ് കളിക്കുന്ന സംവിധായകൻ കെ.ജി ജോർജിനേയും കാണാം.

“എത്രമനോഹരമാണ് അവിടുത്തെ ഗാനാലാപന ശൈലി. അനുകരിക്കാനാകാത്ത വിധം പവിത്രന്‍ പാടുന്നു. സ്വന്തമായുണ്ടാക്കിയ നൃത്തച്ചുവടുകളോടെ കെജി ജോര്‍ജ് നൃത്തം ചെയ്യുന്നു. ഞാൻ അവരെ നിരീക്ഷിക്കുന്നു,” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.

കവിയും ഗാനരചയിതാവുമായ ഒഎന്‍വി, സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമായ പികെ നായര്‍ പികെ നായര്‍, സംവിധായകൻമാരായ ഹരിഹരന്‍, ജോഷി, ഫാസില്‍, ജേസി, തിരക്കഥാകൃത്ത് ടി ദാമോദരന്‍ തുടങ്ങിയവർ ഈ പ്രകടനത്തിന്റെ കാഴ്ചക്കാരായിരുന്നു എന്നും അദ്ദേഹം പറയുന്നു.

1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് കെ.ജി ജോർജ് എന്ന സംവിധായകൻ കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ തുടങ്ങി 1998ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെ നീണ്ടു നിൽക്കുന്ന സിനിമാ ജീവിതം.

വി.കെ പവിത്രൻ സംവിധായകൻ മാത്രമായിരുന്നില്ല, സംഗീതജ്ഞൻ കൂടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു. യാരോ ഒരാൾ എന്ന പരീക്ഷണചിത്രവും നിർമ്മിക്കുകയുണ്ടായി. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ അരവിന്ദനായിരുന്നു. തുടർന്ന് ടി.വി. ചന്ദ്രന്റെ കൃഷ്ണൻകുട്ടി(1980) എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു. പവിത്രന്റെ ഏറ്റവും പ്രശസ്തമായ ചിത്രം ഉപ്പിന് ദേശീയ പുരസ്കാരം ലഭിച്ചു.

ബാങ്കുദ്യോഗസ്ഥനായിരുന്ന ജോൺ പോൾ സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. ഞാൻ ഞാൻ മാത്രം, ചാമരം,യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ഒരു ചെറുപുഞ്ചിരി (സംവിധാനം: എം ടി വാസുദേവൻ നായർ) എന്ന ചിത്രം നിർമ്മിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook