scorecardresearch

വലിയ മനസ്സിന്‍റെ പ്രതിബദ്ധത

'സെവൻ ആർട്‌സ് പോലൊരു കമ്പനി ഒരുക്കുന്ന ഭരതന്‍ ചിത്രം, തിരക്കഥ രചനയിലേക്കുള്ള വലിയ കാല്‍വയ്പ്പ്‌... ഇതെല്ലാം ആ ചെറുപ്പക്കാരന്‍ വേണ്ട എന്ന് വച്ചത് സിനിമയോടുള്ള പ്രതിബദ്ധത കൊണ്ട് മാത്രമാണ്...' ഇന്നലെ അന്തരിച്ച എഴുത്തുകാരന്‍ ബീയാര്‍ പ്രസാദിനെക്കുറിച്ച് ജോണ്‍ പോള്‍ തന്‍റെ ഓര്‍മ്മകളില്‍ കുറിച്ചത്...

'സെവൻ ആർട്‌സ് പോലൊരു കമ്പനി ഒരുക്കുന്ന ഭരതന്‍ ചിത്രം, തിരക്കഥ രചനയിലേക്കുള്ള വലിയ കാല്‍വയ്പ്പ്‌... ഇതെല്ലാം ആ ചെറുപ്പക്കാരന്‍ വേണ്ട എന്ന് വച്ചത് സിനിമയോടുള്ള പ്രതിബദ്ധത കൊണ്ട് മാത്രമാണ്...' ഇന്നലെ അന്തരിച്ച എഴുത്തുകാരന്‍ ബീയാര്‍ പ്രസാദിനെക്കുറിച്ച് ജോണ്‍ പോള്‍ തന്‍റെ ഓര്‍മ്മകളില്‍ കുറിച്ചത്...

author-image
Suneesh K
New Update
Beeyar Prasad, Beeyar Prasad Songs, Beeyar Prasad films, bharathan, bharathan movies, john paul

ഒരു തെലങ്കു ചിത്രത്തിന്‍റെ മലയാളം റീമേക്കിനു വേണ്ടിയാണ് സംവിധായകൻ ഭരതനും സുഹൃത്തും കവിയുമായ ബി.ആർ.പ്രസാദും ചേർന്ന് സെവൻ ആർട്‌സിന്‍റെ ബാനറിൽ തെലുങ്കു രംഗത്തെ പ്രമുഖ നിർമ്മാതാവായ രാമ നായിഡുവിന് വേണ്ടി ഒരു ചിത്രമൊരുക്കുവാൻ തുടങ്ങിയത്. മറ്റൊരു ചിത്രത്തിന്‍റെ പണിപ്പുരയിൽ ഞാനുമവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സായാഹ്നങ്ങളിൽ കാണാറുണ്ടായിരുന്നു. അങ്ങനെ ഭരതൻ അവരാലോചിക്കുന്ന, തെലുങ്കിൽ വളരെ വിജയം നേടിയ ആ മൂലചിത്രത്തിന്‍റെ രൂപരേഖ പറഞ്ഞു. അന്നു തന്നെ മറ്റൊരു ചിത്രത്തിന്‍റെ ആവശ്യവുമായി വന്ന നെടുമുടി വേണുവിന്‍റെ അടുത്തും ആവർത്തിച്ചു.

Advertisment

എനിക്കു തോന്നിയതു തന്നെ വേണുവിനും തോന്നി. ഇങ്ങനെയൊരു ചിത്രം ഭരതനിൽ നിന്നും മലയാളത്തിലാരും പ്രതീക്ഷിക്കുന്നില്ല. ഒരു ഭരതൻ ചിത്രമെന്നു പറയുമ്പോൾ മലയാളി മനസ്സിലൊരു വലിയ സങ്കല്പമുണ്ട്. അതിനോടൊത്തു പോകുന്നതല്ല ഇത്. വൈമനസ്യത്തോടു കൂടിയാണെങ്കിലും ഇത് ഭരതനോട് തുറന്ന് പ്രകാശിപ്പിച്ചു.

ഒരു നിമിഷം അദ്ദേഹം മൗനിയായിരുന്നു. പിന്നീട് പറഞ്ഞു,
'ആശങ്ക തോന്നിയിരുന്നു. നിങ്ങളോടിത് പറഞ്ഞത് എന്‍റെ മനസ്സിൽ തോന്നിയ ശങ്ക, സന്ദേഹം ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ്.'

ഈ കഥ ചെയ്യാൻ താത്പര്യക്കുറവുണ്ടെന്ന് അദ്ദേഹം നിർമ്മാതാവിനെ വിളിച്ചറിയിച്ചു. നിർമ്മാതാവ് രാമ നായിഡുവിന്‍റെ നിർമ്മാണപ്രസ്ഥാനവുമായി ഈ കാര്യം ചർച്ച ചെയ്തപ്പോൾ ഇങ്ങനെയൊരു സിനിമ നിർമ്മിക്കുവാനാണെങ്കിൽ മാത്രമേ മലയാള സിനിമയിലേക്ക് തങ്ങൾക്ക് കടന്നു വരാൻ ഇപ്പോൾ താത്പര്യമുള്ളൂ എന്നാണവർ അറിയിച്ചത്.

Advertisment

തന്റേടത്തോടെ, നട്ടെല്ലോടെ ഭരതൻ പറഞ്ഞു: 'ഈ പ്രമേയം സിനിമയാക്കുന്നതിന് എനിക്ക് താത്പര്യമില്ല.'

അവിടെ സെവൻ ആർട്‌സിന്‍റെ സാരഥിയായ വിജയകുമാർ ഭരതനോടൊപ്പം തോൾ ചേർന്നിട്ട് രാമനായിഡുവിനോട് എല്ലാ ആദരവോടും കൂടി പറഞ്ഞു:

'നമുക്കൊരുമിച്ച് ഒരു ചിത്രം പിന്നീടെപ്പോഴെങ്കിലും ചെയ്യാം. ഭരതനൊരുക്കുന്ന ചിത്രം ഞാൻ നിർമ്മിക്കുന്നു. എനിക്കീ സംവിധായകനിൽ പൂർണ്ണ വിശ്വാസമുണ്ട്.'

ഇതൊക്കെ അവിടെ നടക്കുമ്പോഴും ഉള്ളിന്‍റെയുള്ളിൽ ഒരു വല്ലാത്ത വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു. ബി.ആർ.പ്രസാദ് ഗാനരചനാരംഗത്ത് എഴുതിത്തെളിഞ്ഞു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്. ഒരു തിരക്കഥാകൃത്തെന്ന നിലയിൽ സെവൻ ആർട്‌സ് പോലൊരു പ്രാമാണിക ചലച്ചിത്ര സ്ഥാപനത്തിനുവേണ്ടി ഭരതന്‍റെയൊരു ചിത്രം എഴുതുമ്പോൾ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന വലിയ ഒരു എക്‌സ്‌പോഷറുണ്ട്. അത് നഷ്ടപ്പെടുമ്പോൾ ഉള്ള മനോവികാരം എന്തായിരിക്കും? പ്രസാദ് പക്ഷേ അത്ഭുതപ്പെടുത്തി.

'ആരെങ്കിലുമൊന്നിടപെട്ട് ഈ തിരക്കഥ ഭരതനിൽ അടിച്ചേൽപ്പിക്കുന്ന മഹാപാതകത്തിൽ നിന്നും എന്നെ മോചിപ്പിക്കണേയെന്നായിരുന്നു എന്‍റെ പ്രാർത്ഥന. എനിക്ക് നിങ്ങളോട് നന്ദിയേയുള്ളൂ. ഇത് നടക്കാതെ പോകുന്നത് എന്‍റെ പ്രാർത്ഥനയുടെ ഫലമായിട്ടാണ്.'

'ചമയ'ത്തിന്‍റെ തിരക്കഥ ഒരുക്കുമ്പോൾ, അതിന്‍റെ ആദ്യാവസാനഘട്ടത്തിൽ ഒരു വലംകൈ പോലെ എന്നോടൊപ്പം നിൽക്കുകയും ഞാനെഴുതുന്ന എല്ലാ രംഗങ്ങളും തന്‍റെ മനോഹരമായ കൈപ്പടയിൽ പകർത്തി നിർമ്മാതാവിനും ഭരതനും കൊടുക്കുകയും അതിന്‍റെ ചിത്രീകരണവേളയിൽ തുടർച്ചയായി ചേർന്നു നിൽക്കുകയും ചെയ്തു പ്രസാദ്. ഒരു സഹസംവിധായകനെപ്പോലെ ഭരതനോടും ഒരു സഹരചയിതാവിനെപ്പോലെ എന്നോടും ബി ആർ പ്രസാദിന്‍റെ വലിയ മനസ്സ് കാണിച്ച പ്രതിബദ്ധത, ഞങ്ങളിൽ വിജയകുമാർ കാണിച്ച വിശ്വാസദാർഢ്യം ഇതൊക്കെയാണ് 'ചമയം' സിനിമയായപ്പോൾ, ആ സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ നന്ദിപൂർവം ആദ്യം രേഖപ്പെടുത്തപ്പെടേണ്ടത്.

  • ടെല്‍ ബ്രെയിന്‍ പ്രസിദ്ധീകരിച്ച 'ജോൺപോൾ സംഭാഷണങ്ങളിലൂടെ' ജീവിതം വരയുന്നു എന്ന പുസ്തകത്തിൽ നിന്ന്
Memories Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: