നൂറിലധികം സിനിമകൾക്ക് കഥയെഴുതി തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല മലയാളസിനിമയ്ക്ക് ജോൺ പോൾ. മലയാള സിനിമയുടെ, ചരിത്രത്തിന്റെ, ഒരു കാലഘട്ടത്തിന്റെ കഥകൾ പുതിയ തലമുറയോടായി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു കഥപറച്ചിൽക്കാരൻ കൂടി ജോൺപോളിലുണ്ടായിരുന്നു.
സിനിമകൾക്കു പിന്നിലെ അണിയറകഥകളും വിശേഷങ്ങളുമെല്ലാം ജോൺപോൾ എഴുത്തിലൂടെയും വാക്കുകളിലൂടെയും കോറിയിട്ടപ്പോൾ അതുമൊരു ചരിത്രമായി മാറി.ജോൺ പോൾ കഥപറയാനിരിക്കുമ്പോൾ വാക്കുകൾക്ക് ഒരിക്കലും ക്ഷാമമുണ്ടായിരുന്നില്ല, എവിടെയും നിന്നുപോവാതെ ആ കഥാസരിത് സാഗരം അനുസ്യൂതമായി ഒഴുകികൊണ്ടേയിരുന്നു. സഞ്ചാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയും ജോൺപോളിന്റെ കുറിപ്പുകളുമെല്ലാം ആ വാക്ചാതുരിയ്ക്ക് അടിവരയിടുന്നതായിരുന്നു.
മലയാളം സിനിമയിലെ പാളങ്ങൾ പോലെ സാമാന്തരമായ രണ്ട് ധാരകളുടെ സംയോഗമായിരുന്നു ജോൺ പോൾ എന്ന പ്രതിഭ. സമാന്തര സിനിമയുടെ സൗന്ദര്യ ശാസ്ത്രവും വാണിജ്യ സിനിമയുടെ വിപണി രീതികളും ഒരുമിച്ചു ചേർത്ത സർഗ്ഗപ്രതിഭ.
ഭരതന്റെ ചാമരം എന്ന ചിത്രത്തിനു തിരക്കഥയൊരുക്കികൊണ്ടാണ് ജോൺപോൾ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. എം. ടി. യും പത്മരാജനും തിളങ്ങി നിന്ന മലയാള സിനിമയുടെ സുവർണ്ണ കാലത്ത് സിനിമാരചനയിൽ വേറിട്ടൊരു ശബ്ദമായി മാറുകയായിരുന്നു ജോൺ പോൾ.
മർമ്മരം, ഓർമ്മക്കായി, പാളങ്ങൾ, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാതോട് കാതോരം, കേളി, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, വിടപറയും മുൻപേ, അക്ഷരം, തേനും വയമ്പും, രേവതിക്കൊരു പാവക്കുട്ടി, വൃത്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, കഥയറിയാതെ, ഞാൻ ഞാൻ മാത്രം, യാത്ര, ഇണ, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം, രചന, ആലോലം, അതിരാത്രം, വെള്ളത്തൂവൽ, സ്വപ്നങ്ങളിലെ ഹേഷൽ മേരി, അറിയാത്ത വീഥികൾ, അവിടെത്തെ പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരി നേരം, ഇനിയും കഥ തുടരും , ഇണക്കിളി, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അടുത്തടുത്ത്, ഒന്നാണ് നമ്മൾ, ആരോരുമറിയാതെ, ഉണ്ണികളേ. ഒരു കഥ പറയാം, സാഗരം ശാന്തം, സൂര്യ ഗായത്രി, ചമയം, ഒരു കടംകഥ പോലെ, നമ്മൾ തമ്മിൽ എന്നിങ്ങനെ നൂറോളം ചിത്രങ്ങൾക്കു അദ്ദേഹം തിരക്കഥയൊരുക്കി. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അവസാനമിറങ്ങിയ ചിത്രം. സൈറാബാനു എന്ന ചിത്രത്തിൽ ജോൺപോൾ അഭിനയിക്കുകയും ചെയ്തു.
സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, ജോഷി, കെ.എസ്.സേതുമാധവൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, കെ.മധു, പി.ജി.വിശ്വംഭരൻ എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.
സിനിമയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങളും ജോൺപോൾ എഴുതിയിട്ടുണ്ട്. ആ പുസ്തകങ്ങളിലൂടെ മലയാളസിനിമയുടെ ഇന്നലെകളെ വരും തലമുറകൾക്കായി കോറിയിടുകയായിരുന്നു ജോൺപോൾ എന്ന എഴുത്തുകാരൻ.