റെസ്ലിങ് രംഗത്തെ ഒന്നാം നമ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോൺ സീനയും നടി നിക്കി ബെല്ലയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ആറ് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവിലാണ് ഇരുവരും രണ്ട് വഴിക്ക് പോവാന്‍ തീരുമാനിച്ചത്.
ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന നിക്കിയോട് കഴിഞ്ഞ വര്‍ഷം ഏപ്രിൽ 2 ആം തീയതി റെസിൽമാനിയ 33 ആം സീസണിന്റെ വേദിയിൽ റെസ്ലിങ് റിങ്ങിന് അകത്തുവച്ചാണ് ജോൺ സീന വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അന്ന് വിവാഹനിശ്ചയ മോതിരവും അണിയിച്ചു. വിവാഹ നിശ്ചയം റദ്ദാക്കിയതായി ജോണ്‍ സിന അറിയിച്ചതായി യുഎസ് മാഗസിന് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഇരുവരും ചേര്‍ന്നെടുത്തതാണെന്ന് ജോണ്‍ സീന പ്രസ്താവനയില്‍ അറിയിച്ചു. ഈ അവസരത്തില്‍ തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇരുവരും അറിയിച്ചു.
2012ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് റെസല്മാനിയയിലെ 65,000 കാണികളെ സാക്ഷിയാക്കി സീന വിവാഹാഭ്യര്‍ത്ഥന നടത്തിയത്. നിക്കി ഇത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
വിവാഹം ചെയ്യാമെങ്കിലും കുഞ്ഞ് വേണ്ടെന്ന സീനയുടെ നിലപാടും ഇരുവരുടേയും ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. 33 വയസുകാരിയായ നിക്കി ബെല്ല റെസ്ലിങ് താരവും മോഡലും ആണ്. “ഞാൻ നിന്നെ വിവാഹം ചെയ്യാൻ വളരേയധികം ആഗ്രഹിക്കുന്നു, എന്നാൽ അതിന്റെ അർത്ഥം ഞാൻ ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ ആഗ്രഹിക്കുന്നു എന്നല്ല, അങ്ങിനെ നീ കരുതുകയും ചെയ്യരുത്.” ജോണിന്റെ ഈ ആവശ്യം നിക്കിയെ വിവാഹത്തെ കുറിച്ച് വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നും വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷം എതിരാളികളായ മിസിനോടും മേരീസിനോടുമുള്ള മിക്സഡ് മത്സരത്തിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് മുട്ടുകാലില്‍ ഇരുന്ന് സിന ബെല്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. കൈയില്‍ സൂക്ഷിച്ചിരുന്ന മോതിരം ബെല്ലയ്ക്ക് നീട്ടി, സമ്മതമെന്നോണം ബെല്ല ജോണ്‍ സീനയെ ചുംബിക്കുകയും ചെയ്തു. ബെല്ലയുടെ വിരലില്‍ മോതിരം അണിയിച്ച സിന അവരെ ആലിംഗനം ചെയ്യുകയും ചെയ്തു.
ബെല്ലയോട് താന്‍ നേരത്തേ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ജോണ്‍ സിന പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ വേദിയില്വെച്ചായിരിക്കണം ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തേണ്ടതെന്ന് കരുതിയാണ് കാത്തിരുന്നത്. ഒരു തവണ കൂടി ബെല്ല സമ്മതമാണെന്ന് പറയേണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നതായും സിന വെളിപ്പെടുത്തി.
ബാല്യകാല സഖിയായ എലിസബത്ത് ഹബേര്ദയെ വിവാഹമോചനം ചെയ്ത സീന 2012 തൊട്ട് ബെല്ലയുമായി പ്രണയത്തിലായിരുന്നു. റസ്ലിങ് സൂപ്പർസ്റ്റായ ജോൺ സീന ഹോളിവുഡ് താരം കൂടിയാണ്. ദ് മറൈൻ, 12 റൗണ്ട്സ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി എത്തിയിട്ടുണ്ട്. മാത്രമല്ല ആനിമേഷൻ സിനിമകളിലും ശബ്ദസാനിധ്യമായും അദ്ദേഹം എത്താറുണ്ട്.