ബൈക്കുകളോടുള്ള ജോൺ എബ്രഹാമിന്റെ പ്രണയം ബോളിവുഡിൽ പരസ്യമാണ്. ‘ധൂം’ എന്ന ചിത്രത്തിൽ ബൈക്കിൽ ചീറിപ്പായുന്ന ജോൺ എബ്രഹാമിനെയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. സിനിമയ്ക്കു പുറത്തും ബൈക്ക് ക്രേസ് കൊണ്ടു നടക്കുന്ന ജോൺ ഇപ്പോൾ ഒരു ‘ബൈക്കർ ഫിലിം’ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിലെ നായകനും ജോൺ എബ്രഹാം തന്നെ. അജയ് കപൂറുമായി ചേർന്നാണ് ജോൺ ചിത്രം നിർമ്മിക്കുന്നത്. റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും.
ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അജയ് കപൂറുമായി ചേർന്നുള്ള ജോണിന്റെ മൂന്നാമത്തെ സംരംഭമാണിത്. ‘പരമാണു: ദ സ്റ്റോറി ഓഫ് പൊക്രാൻ’, ‘റോമിയോ അക്ബർ വാൾട്ടർ’ എന്നീ ചിത്രങ്ങൾക്കു ശേഷം ജോണും അജയ് കപൂറും വീണ്ടും ഒരുമിക്കുകയാണ്.
“ബൈക്കുകളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയെന്നത് എന്റെ ഹൃദയത്തോട് അടുത്തൊരു സബ്‌ജക്ട് ആയിരുന്നു. ഇത് മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള കഥയാണ്. ബൈക്ക് റൈഡേഴ്സിന്റെയും ബൈക്കുകളോട് അവർക്കുള്ള സ്നേഹത്തിന്റെയും കഥ പറയുന്ന ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ഈ വിഷയത്തിൽ ഒരുപാട് റിസർച്ചുകൾ നടത്തിയിട്ടുണ്ട്, ഏറെ സമയം ഇതിനായി ചെലവഴിച്ചിട്ടുമുണ്ട്. ഈ പ്രൊജക്റ്റിൽ അജയ് കപൂറിനെയും റെൻസിലിനെയും ഭാഗമായി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്,” ജോൺ എബ്രഹാം പറഞ്ഞു.
A story that is close to my heart. Excited to kick start this journey with @ajay0701 and director @RensilDSilva. Shoot begins July 2019.@johnabrahament @KytaProductions pic.twitter.com/Mr9lw7myTF
— John Abraham (@TheJohnAbraham) March 27, 2019
” ‘ഡേയ്സ് ഒാഫ് തണ്ടർ,’ടോപ് ഗൺ’ തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടാണ് ഞാൻ വളർന്നത്. ആവേശം സമ്മാനിക്കുന്ന, വൈകാരികമായി ഉത്തേജിപ്പിക്കുന്ന ഒരു ബൈക്ക് റേസിംഗ് ഫിലിം ജോണിനനൊപ്പം ചെയ്യുന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്,” സംവിധായകൻ റെൻസിൽ പറഞ്ഞു.