അടുത്തിടെ മലയാളത്തിൽ നിന്നും ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. ബോക്സ് ഓഫീസിലും മികച്ച വിജയം തേടിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും ഇപ്പോൾ വരുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ചിത്രത്തിന്റെ പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ സ്വഭാവവും മികച്ച കഥാപരിസരമുള്ള ചിത്രം ജോണിനെ ആകർഷിച്ചതിനെ തുടർന്നാണ് റീമേക്ക് ചെയ്യാനുള്ള അവകാശം താരം സ്വന്തമാക്കിയത് എന്നാണ് വാർത്ത.
തന്റെ നിർമാണകമ്പനിയായ ജെഎ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ജോൺ എബ്രഹാം ചിത്രം നിർമ്മിക്കുക. 2012 ലാണ് ജോൺ എബ്രഹാം ജെഎ എന്റർടെയിൻമെന്റ് എന്ന പേരിൽ സ്വന്തം നിർമാണകമ്പനി ആരംഭിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് ‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം താൻ സ്വന്തമാക്കിയ വിവരം ജോൺ അറിയിച്ചത്.
“ജെഎ എന്റർടൈൻമെൻറിലൂടെ ആകർഷകമായ കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. ഈ ഹിന്ദി റീമേക്ക് ശരിക്കും ആകർഷകമായ ഒന്നായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജോൺ ട്വീറ്റ് ചെയ്യുന്നു. ചിത്രത്തിൽ ജോൺ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല.
Ayyappanum Koshiyum, a film that strikes a perfect balance between action, thrill and a good story. At JA Entertainment we are keen to bring such appealing stories to our audience..we hope to make a truly engaging film with this remake in Hindi. Really Excited !!!
— John Abraham (@TheJohnAbraham) May 26, 2020
രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. മലയാളത്തിൽ ചിത്രം നേടിയ വിജയത്തിനു പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നിരുന്നു. തെലുങ്ക് റീമേക്കിൽ റാണാ ദഗുബാട്ടിയാണ് പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും. തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ സിതാര എന്റർടെയിൻമെന്റസാണ് ചിത്രം നിർമിക്കുക.
Read more: ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്; പൃഥ്വിരാജിന് പകരം ധനുഷ്
അതേസമയം, തമിഴിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യുന്നത് ധനുഷ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ‘ആടുകളം’, ‘ജിഗർതണ്ട’, ‘പൊള്ളാതവൻ’ എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് തമിഴിൽ ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ധനുഷ് കതിർസേനനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേ സമയം ബിജു മേനോന്റെ വേഷം ആരാണെന്ന് ചെയ്യുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ വിജയ് സേതുപതിയുടെ പേരാണ് ഏറ്റവുമധികം ഉയർന്നു കേൾക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അയ്യപ്പൻ നായർ എന്ന പൊലീസ് ഓഫീസറും റിട്ടയേർഡ് ഹവിൽദാർ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. 50 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. ‘അനാര്ക്കലി’ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പൻ നായർ.
Read more: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook