സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.

അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്നാണ് വിമര്‍ശനങ്ങള്‍.

ചിത്രത്തിനെതിരെ ഉയർന്ന വിമർശനത്തെക്കുറിച്ചുളള ചോദ്യം നായക വേഷത്തിലെത്തുന്ന വാക്വിന്‍ ഫിനിക്‌സിനെ പ്രകോപിപ്പിച്ചു. ഫിനിക്‌സ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. ഗണ്‍മാന്മാരെ പ്രചോദിപ്പിക്കുന്നതാകില്ല ചിത്രമെന്നും, സിനിമയിൽ കാണിക്കുന്നതുപോലെയുളള ദുരന്തങ്ങള്‍ക്കത് കാരണമാകില്ലേയെന്നായിരുന്നു ദ ഡെയ്‌ലി ടെലഗ്രാഫിന്റെ അഭിമുഖത്തിനിടെ ചോദിച്ചത്. ഇതിന് ഉത്തരം നല്‍കാതെ ഫിനിക്‌സ് എഴുന്നേറ്റ് പോയി.

എന്ത് തരം ചോദ്യമാണിതെന്നും മറുപടി പറയാനാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റ് പോയത്. പിന്നീട് അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെ കൊണ്ടു വരാന്‍ സാധിച്ചു.

ബാറ്റ്മാന്‍ സീരിസിലൂടെ പ്രശസ്തി നേടിയ ജോക്കര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചിത്രമാണ് ജോക്കര്‍. എങ്ങനെയാണ് ജോക്കര്‍ ക്രൂരനായ വില്ലനിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ചിത്രം പറയുന്നത്. ചിത്രത്തിന് റോട്ടന്‍ ടൊമാറ്റോയില്‍ 75 ശതമാനം റേറ്റിങ്ങുണ്ട്. ഒകടോബര്‍ നാലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Read Here: ‘ഓസ്‌കാര്‍ ടൈം ആയേഗ’; ഗല്ലി ബോയ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook