സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ വിമലും നടി ജിസ്മയും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജിസ്മയുടെയും വിമലിന്റെയും വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനു പിന്നാലെ ഇപ്പോൾ ക്രിസ്റ്റ്യൻ ആചാരപ്രകാരവും വിവാഹിതരായിരിക്കുകയാണ് ജിസ്മയും വിമലും.
ജിസ്മ- വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോർട്സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ ഇഷ്ടം കവർന്നത്. ജിസ്മ വിമൽ എന്ന ഇവരുടെ യൂട്യൂബ് ചാനലും ഏറെ വൈറലാണ്. തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഇരുവരും പ്രഖ്യാപിച്ചത്.
സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം വളരുകയായിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്. പ്രേമം എന്ന സിനിമയിലും വിമൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചിരുന്നു.