2018 ജിയോ ഫിലിം ഫെയര്‍ ഹ്രസ്വ ചിത്ര പുരസ്കാരങ്ങളിലെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള അവാര്‍ഡ്‌ മലയാളത്തിന്. ഹരി എം.മോഹനന്‍ സംവിധാനം ചെയ്ത ‘ഇന്‍വിസിബിള്‍ വിങ്സ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. ചായക്കട നടത്തി അതിജീവനം നടത്തുന്നതിനിടയില്‍ ലോകം ചുറ്റി സഞ്ചരിച്ച അപൂര്‍വ്വ ദമ്പതികളായ വിജയന്‍ – മോഹന എന്നിവരെക്കുറിച്ചാണ് ഡോക്യുമെന്ററി. അവര്‍ തന്നെയാണ് കേന്ദ്ര കഥാപാത്രങ്ങളും.

കോപ്പിബുക്ക്‌ ഫിലിംസിന്‍റെ ബാനറില്‍ പുറത്തു വന്ന ഈ ചിത്രം ജീവിതത്തിന്‍റെ മാന്ത്രികമായ വശങ്ങളെ തുറന്നു കാണിക്കുന്നു. ഒരു ചായക്കട നടത്തുന്ന മനുഷ്യന്‍ തന്‍റെ ഭാര്യയോടൊത്ത് ലോകം ചുറ്റി സഞ്ചരിച്ച് തന്‍റെ ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു. സ്വപ്നങ്ങളുടെ ശക്തിയും, അടങ്ങാത്ത ആഗ്രഹവും, അത് സഫലീകരിക്കാനുള്ള ഇച്ഛാശക്തിയും മാത്രം കൈമുതലായുള്ള ഈ മനുഷ്യന്‍ എങ്ങനെയാണ് തന്‍റെ സാമൂഹ്യവും സാമ്പത്തികവുമായുള്ള പരാധീനതകളെ മറികടന്നു സ്വപ്നസാക്ഷാത്കാരത്തില്‍ എത്തുന്നത്‌ എന്നതാണു ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്.

ആതിര രയരോത്ത് ആണ് ‘ഇന്‍വിസിബിള്‍ വിങ്സി’ന്‍റെ തിരക്കഥ തയ്യാറാക്കിയത്. ക്യാമറ ശ്യാം ജോസഫ്‌, നിര്‍മാണം ഹരി എം.മോഹനന്‍, വിജയ്‌ വി, ജെറി വില്യംസ്, സുനില കെ.വി, എം.കെ.മാധവി, അനീഷ്‌ കൃഷ്ണന്‍, സഞ്ജു തൊണ്ടിയില്‍ എന്നിവര്‍. കലാസംവിധാനം അജികുമാര്‍, എഡിറ്റര്‍ സുമിത് പുരോഹിത്, സംഗീതം അനില്‍ ജോണ്‍സന്‍, ശബ്ദസന്നിവേശം അരുണ്‍ രാമ വര്‍മ. 2015 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം ഇതിനോടകം ധാരാളം ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

Hari m mohanan

സംവിധായകന്‍ ഹരി എം മോഹനനൊപ്പം വിജയനും മോഹനയും

ജിയോ ഫിലിം ഫെയര്‍ ഹ്രസ്വ ചിത്ര പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പാണിത്. പത്തു ഭാഷകളില്‍ നിന്നായി രണ്ടായിരത്തോളം എന്‍ട്രികള്‍ പുരസ്കാരങ്ങല്‍ക്കായി മൽസരിച്ചിരുന്നു. കരണ്‍ ജോഹര്‍, നിഖില്‍ അദ്വാനി, ഒനീര്‍, നിതേഷ് തിവാരി, അശ്വിനി അയ്യര്‍ തിവാരി, ശകുന്‍ ബത്ര എന്നിവര്‍ ചേര്‍ന്ന ജൂറിയാണ് അഞ്ച് പുരസ്കാരങ്ങള്‍ തിരഞ്ഞെടുത്തത്. അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ താഴെ.

മികച്ച ചിത്രം: ജ്യൂസ്, സംവിധാനം നീരജ് ഘായ്വാന്‍
മികച്ച നടന്‍: ജാക്കി ഷരോഫ്, ചിത്രം. ഖുജ്ലി
മികച്ച നടി: ഷെഫാലി ഷാ, ചിത്രം, ജ്യൂസ്
മികച്ച ഡോക്യുമെന്ററി: ഇന്‍വിസിബിള്‍ വിങ്ങ്സ്, സംവിധാനം. ഹരി എം മോഹനന്‍
പോപ്പുലര്‍ സിനിമ: അനഹുത്, സംവിധാനം. ഉമേഷ്‌ ബഗടെ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ