മിഥുൻ രമേശും ഹോളിവുഡിലെ സൂപ്പർ ഡോഗും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ജിമ്മിയെന്ന ബിസിനസ്സുകാരന്റെ ജീവിതത്തിൽ ജിമ്മി എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.

കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജു ചന്ദ്രയാണ്. ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ ചേർന്നാണ് നിർമാണം.

പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. അതു മാത്രമല്ല പ്രത്യേകത, സംവിധായകനും നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനുമടക്കം എല്ലാവരും പ്രവാസി മലയാളികൾ ആണെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.

മിഥുൻ രമേശ്, ദിവ്യ പിള്ളൈ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, അഷ്‌റഫ്‌ പിലാക്കൽ, നിഷ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ സംഗീതം എം ജയചന്ദ്രനും ഛായാഗ്രഹണം അനിൽ ഈശ്വറും എഡിറ്റിംഗ് സുനിൽ എസ് പിള്ളയും പശ്ചാത്തല സംഗീതം അരുൺ മുരളീധരനും നിർവ്വഹിച്ചിരിക്കുന്നു. അനൂപ് മോഹന്റെയാണ് കഥ. ഡിസംബർ 6 നാണ് ചിത്രത്തിന്റെ റിലീസ്.

Read more: ഹോളിവുഡിലെ സൂപ്പർ ഡോഗ് മലയാള സിനിമയിൽ നായകനാവുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook