മൃഗങ്ങൾ കേന്ദ്രപ്രധാനമാകുന്ന ചിത്രങ്ങൾ മലയാളസിനിമയിൽ നിരവധിയുണ്ടായിട്ടുണ്ട്. ഒരു നായ നായകനായി മറ്റൊരു ചിത്രം കൂടി മലയാളത്തിലേക്കെത്തുകയാണ്, ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.
മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്, അജു വർഗീസ്, ജോജു ജോർജ് എന്നിവർ ഇന്നലെ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ്. കൂടാതെ സംവിധായകനും നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ദുബായിലെ സ്ഥിരതാമസകാരും സമ്പന്നരുമായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങളാണ് അടയ്ക്കാകാരൻ കുടുംബവും വെറ്റിലകാരൻ കുടുംബവും. ദുബായിൽ സ്ഥിരതാമസമാക്കിയ അവരുടെ പുതു തലമുറയാണ് ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും. പണത്തിനും തറവാട് മഹിമക്കും ഒട്ടും കുറവില്ലാത്ത ഇവർ തമ്മിൽ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാവുന്നത്.
മിഥുൻ രമേശും ദിവ്യ പിള്ളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു തുടങ്ങി നിരവധിയേറെ പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിൽ ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനൂപ് മോഹനാണ് കഥയെഴുതിയിരിക്കുന്നത്. എഡിറ്റിംഗ് സുനിൽ എസ് പിള്ളയും പശ്ചാത്തല സംഗീതം അരുൺ മുരളീധരനും സംഗീതം എം ജയചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.