ജിമിക്കി കമ്മല്‍ ഹിറ്റായ കൂട്ടത്തില്‍ പാട്ടിന് ചുവടുവച്ച് ഹിറ്റായ ഷെറില്‍ അങ്ങ് തമിഴിലെത്തി. സൂര്യ നായകനാകുന്ന താന സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് ഷെറില്‍ ജി കടവനും അന്ന് ഷെറിലിനൊപ്പം ചുവടു വച്ച അന്ന ജോര്‍ജും എത്തുന്നത്.

ചിത്രത്തിലെ സൊഡക്ക് മേലെ എന്നു തുടങ്ങുന്ന ഗാനരംഗത്തിലാണ് ഇരുവരുമുള്ളത്. അനിരുദ്ധാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഗീത സംവിധായകന്‍ അനിരുദ്ധിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്.

നേരത്തേ ഷെറിലിന് സിനിമയില്‍ നിന്നും വിളികളെത്തിയിരുന്നുവെങ്കിലും വേണ്ടെന്നു വച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് സംവിധായകന്‍ രവികുമാര്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നുവെങ്കിലും ഷെറില്‍ ആ ഓഫര്‍ സ്വീകരിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ