Mohanlal to join hands with Jijo Punnoose again, this time as a director: മോഹൻലാൽ സംവിധായകനാവുന്ന ‘ബറോസ്സ്’ വാർത്തകളിൽ നിറയുമ്പോൾ വീണ്ടും ഉയർന്നു കേൾക്കുന്നൊരു പേരാണ് ജിജോ പുന്നൂസ് എന്നത്. സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് ആണ്. ആരാണ് ജിജോ പുന്നൂസ്, അഭിനയരംഗത്ത് നാലു പതിറ്റാണ്ട് തികയ്ക്കുന്ന മോഹൻലാൽ എന്ന ഇതിഹാസതാരവുമായി ജിജോ പുന്നൂസിനുള്ള ബന്ധം – തുടങ്ങിയ കാര്യങ്ങളൊക്കെ കൗതുകത്തോടെ അന്വേഷിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
Who is Jijo Punoose: മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കലുകളായ രണ്ടു ചിത്രങ്ങള് സംവിധാനം ചെയ്ത ജിജോ പുന്നൂസ്
ജിജോ പുന്നൂസ് എന്ന പേരു പരിചയമില്ലാത്തവർ പോലും ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നിങ്ങനെയുള്ള ചിത്രങ്ങളെ കുറിച്ച് കേൾക്കാതെ പോവാൻ സാധ്യതയില്ല. മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനായ ജിജോ പുന്നൂസ് ആണ് ഇന്ത്യൻ സിനിമയുടെ ലാൻഡ് മാർക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രിഡി ചലച്ചിത്രമെന്നാണ് 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നവോദയ അപ്പച്ചനായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
1984 ൽ റിലീസിനെത്തിയ ചിത്രം 1997 ൽ വീണ്ടും പുതിയ രീതിയിൽ ക്രമപ്പെടുത്തി റി-റീലിസ് ചെയ്തിരുന്നു. ആ സമയത്താണ് ആദ്യമായി മലയാള സിനിമയ്ക്ക് ഡിടിഎസ് സംവിധാനം ജിജോ പരിചയപ്പെടുത്തുന്നത്. 2011ൽ ഡിജിറ്റൽ ഫോർമാറ്റിലും ചിത്രം റിലീസിനെത്തിച്ചിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് പതിപ്പുകൾ ഇറങ്ങിയിരുന്നു.

അതേസമയം ‘പടയോട്ടം’ എന്ന സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് മലയാളത്തിലെ ആദ്യ 70 എംഎ ചിത്രമെന്ന രീതിയിലാണ്. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചിതനാക്കിയ ഫിലിം മേക്കർ എന്ന രീതിയിൽ കൂടിയാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ജിജോയുടെ ‘പടയോട്ട’ത്തിൽ മോഹൻലാൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നവോദയായുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ‘പടയോട്ടം’ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു.
“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും മോഹൻലാൽ പറയുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാപ്രവേശനം.
നവോദയ മാസ്സ് എന്റർടെയിൻെന്റിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ജിജോ പുന്നൂസ് ഇപ്പോൾ. എന്തായാലും ചരിത്രത്തിൽ ഇടം പിടിച്ച ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നീ ചിത്രങ്ങൾക്കു പിറകെ മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന ചരിത്രത്തിനും സാക്ഷ്യം വഹിക്കുകയാണ് നവോദയ കുടുംബത്തിലെ ഈ അമരക്കാരൻ.
Read more: ഇത് കാലത്തിന്റെ കൈനീട്ടം; മോഹൻലാലിന് ആശംസകളുമായി മഞ്ജു വാര്യർ