scorecardresearch
Latest News

ബറോസ് : ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ മോഹന്‍ലാല്‍ തിരക്കഥ മാറ്റിയെഴുതി, തന്റെ പങ്കാളിത്തം നാമമാത്രമെന്നു ജിജോ പുന്നൂസ്‌

ചിത്രത്തില്‍ തന്റെ സാന്നിധ്യമെന്നത് നാമമാത്രമാണെന്നും മറ്റു ഒരു തരത്തിലുളള പങ്കാളിത്തവും തന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ജിജോ പുന്നൂസ്‌

ബറോസ് : ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ മോഹന്‍ലാല്‍ തിരക്കഥ മാറ്റിയെഴുതി, തന്റെ പങ്കാളിത്തം നാമമാത്രമെന്നു ജിജോ പുന്നൂസ്‌

നടന്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ സിനിമയാണ് ‘ബറോസ്’. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ വലിയ ആഹ്ലാദത്തിലായിരുന്നു മലയാളികള്‍. മോഹന്‍ലാല്‍ എന്ന സംവിധായകന്‍ എന്നതു പോലെ തന്നെ പ്രേക്ഷകരെ ചിത്രത്തിന്റെ കാത്തിരിപ്പിലേയ്ക്കു ആകര്‍ഷിച്ച ഒന്നാണ് സംവിധായകന്‍ ജിജോ പൊന്നൂസിന്റെ സാന്നിധ്യവും. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പൊന്നൂസ്‌ ബറോസിലും മാജിക് തീര്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആസ്വാദകര്‍. എന്നാല്‍ ചിത്രത്തില്‍ തന്റെ സാന്നിധ്യമെന്നത് നാമം മാത്രമാണെന്നും മറ്റു ഒരു തരത്തിലുളള പങ്കാളിത്തവും തന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ജിജോ പുന്നൂസ്‌.

ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ മുതലുളള ഓരോ ഘട്ടവും എങ്ങനെയായിരുന്നു എന്നതിനെപ്പറ്റി ബ്‌ളോഗിലൂടെ വിശദമായി പറയുകയാണ് ജിജോ .

1982 ലാണ്‌ ചിത്രം സംവിധാനം ചെയ്യണമെന്ന ചിന്ത ജിജോയ്ക്കു ഉണ്ടാകുന്നത്. 2017 ല്‍ എഴുതിയ ഒരു നോവലാണ് സിനിമാ സാധ്യതകളിലേയ്ക്കു വഴിതെളിയ്ക്കുന്നത്. നോവല്‍ എഴുതുമ്പോള്‍ അങ്ങനെയൊരു ചിന്ത ജിജോയ്ക്കു ഇല്ലായിരുന്നെങ്കിലും സഹപ്രവര്‍ത്തകരാണ് ഇംഗ്ലീഷ്, ഹിസ്പാനിക് ഭാഷകളില്‍ ഒരു ചിത്രം ഒരുക്കാമെന്ന സാധ്യതയെപ്പറ്റി പറയുന്നത്.അന്താരാഷ്ട്ര തലത്തില്‍ നോവലിന്റെ കഥയ്ക്കു പ്രാധാന്യമുണ്ട് എന്നതായിരുന്നു അവര്‍ക്കിങ്ങനെ തോന്നാനുളള കാരണം.

മോഹന്‍ലാല്‍ എങ്ങനെയാണ് ബറോസ് എന്ന സിനിയുടെ ചര്‍ച്ചകളിലേയ്ക്കു കടന്നു വരുന്നതെന്നു ജിജോ ബ്‌ളോഗില്‍ പറയുന്നു.


“ബിഗ് ബ്രദന്റെ ചിത്രീകരണം നടക്കുന്ന സമയത്തു ഒരു ലൈവ് ത്രീ ഡി ഷോ നടത്തുന്നതിന്റെ സാധ്യതകളെപ്പറ്റി ചോദിച്ചറിയാനാണ് ലാലുമോനും രാജീവ് കുമാറും എന്നെ കാണാന്‍ വരുന്നത്. ഞങ്ങളുടെ സിനിമാ ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്ന രാജീവ് ബറോസ് മലയാളത്തില്‍ ഒരുക്കിയാലോ എന്ന ആശയം പറയുകയായി. മോഹന്‍ലാല്‍ കഥയിലെ ഭൂതത്തിന്റെ കഥാപാത്രം അവതരിപ്പിച്ചാല്‍ നന്നായിരിക്കും എന്നായിരുന്നു രാജീവിന്റെ അഭിപ്രായം. ചിത്രം സംവിധാനം ചെയ്യാനും രാജീവ് എന്നെ നിര്‍ബന്ധിക്കുകയുണ്ടായി. എന്നാല്‍ എന്റെ സംശയം ആഫ്രിക്കകാരനായ കാപ്പിരി മുത്തപ്പനെ എങ്ങനെ മലയാളിയാക്കും എന്നതിലായിരുന്നു. എന്നാല്‍ നവോദയയിലെ റിസേര്‍ച്ച് ഡയറക്ടറായ ജോസി ജോസഫ് എന്നെ അതിനു സഹായിച്ചു. ഒടുവില്‍ ഞാന്‍ കാപ്പിരി മുത്തപ്പനെ ഗോവയില്‍ നിന്നു മലാബാറിലേയ്ക്കു പറിച്ചുനട്ട് ബറോസിനെ സൃഷ്ടിക്കുകയായിരുന്നു. 2019 ല്‍ ഒരിക്കല്‍ ഞാന്‍ മോഹന്‍ലാലിന്റെ വസതിയില്‍ പോകുകയുണ്ടായി ആ അവസരത്തിലാണ് ബറോസിനു രൂപം നല്‍കിയതും ആ വേഷം ലാലുമോന്‍ ചെയ്യണമെന്നും ഞാന്‍ പറയുന്നത്. പക്ഷെ അപ്പോഴും സംവിധാനം ചെയ്യുവാന്‍ നിരസിച്ച ഞാന്‍ മറ്റു പ്രമുഖ സംവിധായകരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആ സമയത്താണ് എന്നെ ഞെട്ടിച്ചു കൊണ്ട് ലാലുമോന്‍ തന്നെ സംവിധാനം ചെയ്യാമെന്നു പറയുന്നത്. സത്യത്തില്‍ ആ തീരുമാനം എന്നെ ഒരുപാട് സന്തോഷവാനാക്കി. 350 ല്‍ പരം സിനിമകളില്‍ അഭിനയിച്ച ഒരാള്‍ സംവിധാനം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന കൗതുകമായിരുന്നു അത്. മാത്രമല്ല ലാലുമോന്റെ ആദ്യ ചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ് പൂക്കള്‍’ ല്‍ സഹ സംവിധായകന്‍ ഞാനായിരുന്നു. ലാലുമോന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിലും സഹ സംവിധാനാകുന്ന സന്തോഷവുമുണ്ടായിരുന്നു”

“സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും താത്പര്യത്തിനനുസരിച്ച് 22 പ്രാവിശ്യം ഞാന്‍ കഥ മാറ്റിയെഴുതി. മോഹന്‍ലാല്‍ എന്ന നടനല്ലായിരുന്നു സംവിധായകനായിരുന്നു പ്രാധാന്യം അതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്കു പ്രശ്‌നവുമില്ലായിരുന്നു. ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ തുടങ്ങാനിരിക്കുന്ന സമയത്താണ് കോവിഡും അതിനെ തുടര്‍ന്നുളള ലോക്ക്ഡൗണും സംഭവിക്കുന്നത്. പിന്നീട് അതെ വര്‍ഷം തന്നെ പുനരാരംഭിക്കാന്‍ സാധിക്കുകയും ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. 2021 ഏപ്രിലില്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഉദ്ഘാടനം രണ്ടാം കോവിഡ് ലോക്ക്ഡൗണ്‍ കാരണം മാറ്റിവയ്‌ക്കേണ്ടി വന്നു. മാത്രമല്ല, ചിത്രത്തിലെ 85 പേരോളം കോവിഡിന്റെ പിടിയിലാവുകയും ചെയ്തു. എങ്ങനെ ചിത്രം മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലായിരുന്നു എല്ലാവരും. അതില്‍ പ്രധാനമായും ഞങ്ങളുടെ കേന്ദ്രകഥാപാത്രമായ ഷയാലയ്ക്കു പ്രായം കൂടുന്നു എന്നതു തന്നെയായിരുന്നു”

“ലോക്ക് ഡൗണ്‍ അവസാനിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ചിത്രത്തെക്കുറിച്ച് ചോദിക്കുവാന്‍ തുടങ്ങി. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആ സമയം മറ്റു ഒടിടി ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഈ സിനിമയെ രക്ഷിക്കാനെന്നോണം ലാലുമോന്‍ മുന്‍കൈയ്യെടുത്ത് ചിത്രീകരണം വീണ്ടും ആരംഭിക്കുകയായിരുന്നു. നവോദയ സ്റ്റുഡിയോസിന്റെ സെറ്റിലാണ്‌ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. തികച്ചും കൊച്ചിയില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമയായി ബറോസിന്റെ തിരക്കഥ ലാലുമോന്‍ മാറ്റിയെഴുതി. ലാലുമോന്റെ മറ്റു ചിത്രങ്ങളായ ലൂസിഫര്‍, പുലിപുരുകന്‍, ഒടിയന്‍ തുടങ്ങിയവയുടെ പശ്ചാതലത്തിലേയ്ക്കായിരുന്നു തിരക്കഥ തിരുത്തിയത്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുകയായിരുന്നു ആ മാറ്റത്തിന്റെ ലക്ഷ്യം. പിന്നീടാണ് ലാലുമോന്റെ സഹായിക്കാനായി രാജീവ്‌ കൂടിയത്. ഞാന്‍ ആ സമയത്തു ചെന്നൈയില്‍ ‘ഒരു വടക്കന്‍ പാട്ട്’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഒരിക്കല്‍ ലാലുമോന്‍ എന്നെ വിളിച്ചിരുന്നു, കറങ്ങുന്ന സെറ്റിലെ ചിത്രീകരണത്തിനുളള സഹായം തേടിയായിരുന്നു അത്. ആ ഒരു കാര്യം മാത്രമാണ് ഈ സിനിമയ്ക്കു വേണ്ടി ഞാന്‍ ചെയ്തിട്ടുളളത്”

‘കാപ്പിരി മുത്തപ്പന്‍ എന്ന കഥയുടെ സ്‌ക്രിപ്‌റ്റോ രീതികളോ ഇതുവരെ ബറോസില്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാപ്പിരി മുത്തപ്പന്‍ എന്ന ചിത്രം ഞങ്ങള്‍ പുനരാരംഭിക്കുകയാണ്. ഡിസംബറില്‍ ചിത്രത്തിലെ ചില പ്രധാന ഘടകങ്ങള്‍ ഞങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രേക്ഷകരിലേയ്‌ക്കെത്തിക്കും’ ജിജോ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jijo ponnoos on mohanlal directorial movie barroz