ദലിത് നേതാവും സ്വതന്ത്ര എംഎല്‍എയും ആയ ജിഗ്നേഷ് മേവാനി സിനിമയിലേക്ക്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് മേവാനി വേഷമിടുക. മേവാനിയുടെ ദലിത് അവകാശ പോരാട്ടങ്ങള്‍ സ്വാധീനിച്ചത് കാരണം സംവിധായകന്‍ തന്നെയാണ് മേവാനിയെ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.

മേവാനിയുടെ വ്യക്തിത്വത്തിന് ചേര്‍ന്ന വേഷമാണ് ചിത്രത്തില്‍ അദ്ദേഹത്തിന് ഉണ്ടാവുകയെന്ന് രജനി ചിത്രം കാലയുടെ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. നിലവില്‍ കാലയുടെ ഡബ്ബിങ് ജോലിയിലാണ് അദ്ദേഹം. ‘അദ്ദേഹത്തെ പോലൊരു മികച്ച യുവനേതാവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ അടുത്ത ചിത്രത്തില്‍ അദ്ദേഹത്തിന് യോജിക്കുന്ന ഒരു വേഷമാണ്. ദലിത് അവകാശങ്ങളെ കുറിച്ചും നിലവിലത്തെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്’, രഞ്ജിത് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അതേസമയം, പൊങ്കല്‍ പാ രഞ്ജിത്തിനൊപ്പം ആഘോഷിക്കുന്നതില്‍ താനും ത്രില്ലിലാണെന്ന് മേവാനി പ്രതികരിച്ചു. താന്‍ കണ്ടതില്‍ ഏറെ വിനയമുളളയാളാണ് സംവിധായകനെന്നും ദലിത് നേതാവ് പ്രതികരിച്ചു. ആദ്യ ചിത്രമായ മദ്രാസിലൂടെ തന്നെ ദലിത് പ്രശ്നങ്ങളെ വ്യക്തമായ രീതിയില്‍ അവതരിപ്പിച്ചയാളാണ് രഞ്ജിത്. പിന്നീട് രജനിയുടെ കബാലിയും മികച്ച ചിത്രമായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ