scorecardresearch

ഫുട്ബോളറിയാത്ത ഒരാൾ, സോക്കർ ഗുരുവായി മാറിയ കഥ: നായകന്‍ അമിതാഭ് ബച്ചന്‍

'സ്ലം സോക്കർ' പ്രൊജക്റ്റിലൂടെ ചേരിയിൽ നിന്നും നൂറിലേറെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തിയ വിജയ് ബർസെ എന്ന മനുഷ്യസ്നേഹിയുടെ അപൂർവ്വ ജീവിതകഥ പറയുന്ന ചിത്രമൊരുക്കുന്നത് സംവിധായകൻ നഗ്‌രാജ് മഞ്ജുൾ ആണ്

'സ്ലം സോക്കർ' പ്രൊജക്റ്റിലൂടെ ചേരിയിൽ നിന്നും നൂറിലേറെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തിയ വിജയ് ബർസെ എന്ന മനുഷ്യസ്നേഹിയുടെ അപൂർവ്വ ജീവിതകഥ പറയുന്ന ചിത്രമൊരുക്കുന്നത് സംവിധായകൻ നഗ്‌രാജ് മഞ്ജുൾ ആണ്

author-image
WebDesk
New Update
ഫുട്ബോളറിയാത്ത ഒരാൾ, സോക്കർ ഗുരുവായി മാറിയ കഥ: നായകന്‍ അമിതാഭ് ബച്ചന്‍

ഫുട്ബോളിന്റെ എബിസിഡി അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും ഫുട്ബോൾ കളിച്ചിട്ടില്ലാത്ത ഒരാൾ. നാഗ്പൂരിലെ ചേരികളിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി പരിശീലിപ്പിക്കുക എന്നതായിരുന്നു കാലം അയാൾക്കായി കാത്തുവെച്ച നിയോഗം. 'സ്ലം സോക്കർ' എന്ന പ്രൊജക്റ്റിലൂടെ ചേരിയിൽ നിന്നും നൂറിലേറെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തിയ വിജയ് ബർസെ എന്ന മനുഷ്യസ്നേഹിയുടെ അപൂർവ്വ ജീവിതത്തെ അവലംബിച്ച് ഒരുങ്ങുന്ന സിനിമയാണ് 'ജുന്ദ്'. നഗ്‌രാജ് മഞ്ജുൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനാണ് വിജയ് ബർസെ ആവുന്നത്.

Advertisment

18 വർഷങ്ങൾക്ക് മുൻപാണ് ജീവിതലക്ഷ്യം തന്നെ മാറ്റിമറിച്ച ആ കാഴ്ച താൻ കണ്ടതെന്നാണ് വിജയ് ബർസെ പറയുന്നത്. "നാഗ്പൂരിലെ ഹിസ്‌ലോപ് കോളേജിലെ കായികാധ്യാപകൻ ആയിരുന്നു ഞാനന്ന്. ഒരുദിവസം നാഗ്പൂരിലെ തെരുവിൽ ഇടുങ്ങിയ സ്ഥലത്ത് ഒരു പൊട്ടിയ ബക്കറ്റ് തട്ടി കളിക്കുന്ന ഏതാനും ചില കുട്ടികളെ കണ്ടു. ഞാനന്ന് ഹാൻഡ്ബോൾ പ്ലെയറാണ്. ഒരു അന്തർദ്ദേശീയ അമ്പയറാണെങ്കിലും ഫുട്ബോളുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇന്നും എനിക്ക് ഫുട്ബോളിനെ കുറിച്ച് പല കാര്യങ്ങളുമറിയില്ല.

പക്ഷേ​, അന്ന് ആ കുട്ടികളെ കണ്ടപ്പോൾ പെട്ടെന്ന് എനിക്കൊരാശയം തോന്നി. അവരെ സോക്കർ കളിക്കാൻ പരിശീലിപ്പിച്ചെടുക്കണമെന്ന് തോന്നി. അതിനായി ഞാനെന്റെ ഫുട്ബോൾ സുഹൃത്തുക്കളുടെ സഹായം തേടി," വിജയ് ബർസെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ബർസെയുടെ ആ ചിന്ത പ്രവൃത്തിയായി മാറാൻ പിന്നെ അധികസമയം എടുത്തില്ല, 2000 ൽ തന്നെ ആദ്യത്തെ സ്ലം ടൂർണമെന്റ് സംഘടിപ്പിക്കുകയും ചെയ്തു. അന്നുമുതൽ, ബർസെയുടെ 'സ്ലം സോക്കർ പ്രൊജക്റ്റി'ലെ കുട്ടികൾ ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു. അതിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. കഴിഞ്ഞ വർഷം ഒസ്‌ലെയിൽ സംഘടിപ്പിക്കപ്പെട്ട ഹോംലെസ്സ് വേൾഡ് കപ്പ് ടൂർണമെന്റിൽ​ 60 ടീമുകൾ പങ്കെടുത്ത ആൺകുട്ടികളുടെ സോക്കർ മത്സരത്തിൽ 19-ം സ്ഥാനവും പെൺകുട്ടികളുടെ സോക്കർ മത്സരത്തിൽ ഏഴാം സ്ഥാനവും ബർസെയുടെ ടീം സ്വന്തമാക്കിയിരുന്നു. 16 ടീമുകളിൽ നിന്നാണ് പെൺകുട്ടികളുടെ ടീം ഏഴാം സ്ഥാനത്തെത്തിയത്. നാഗ്പൂരിനു പുറമെ ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി സ്ലം സോക്കറിന് രണ്ട് സെന്ററുകൾ കൂടി ആരംഭിച്ചിരിക്കുകയാണ് 73 കാരനായ വിജയ് ബർസെ.

Advertisment

" ആദ്യകാലത്ത് എന്റെയും അധ്യാപികയായ ഭാര്യ രഞ്ജനയുടെയും സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് ചേരിയിലെ കുട്ടികൾക്ക് ഫുട്ബോൾ പരീശീലനം നൽകിയത്. നോക്കാൻ ആരുമില്ലാത്ത ചേരിയിലെ കുട്ടികളുടെ വികസനം മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് എന്റെ കുട്ടികൾ നന്നായി തന്നെ പ്രവർത്തിക്കുന്നു, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. അതാണെന്റെ സന്തോഷം. ലോകമെമ്പാടുമുള്ള നല്ലവരായ ആളുകളും അവർക്ക് സഹായസഹായം നീട്ടുന്നുണ്ട്. എന്റെ കുട്ടികളെ പരിശീലിപ്പിക്കാനായി അന്തർദേശീയതലത്തിലുള്ള പരിശീലകരും വളണ്ടിയർമാരും ഞങ്ങളുടെ സെന്ററിലേക്ക് വരുന്നു, സംതൃപ്തിയുണ്ട്," ബർസെ പറയുന്നു.

ബൊക്കാറ ഗ്രാമത്തിലെ ക്രിദ വികാസ് സൻസ്ത ക്യാമ്പസിലാണ് എൻജിഒയുടെ സഹായത്തോടെ 'സ്ലം സോക്കർ' പ്രൊജക്റ്റ് പ്രവർത്തിക്കുന്നത്. 'ജുന്ദി'ന്റെ ചിത്രീകരണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മഞ്ജുളും അണിയറപ്രവർത്തകരും കുറച്ചുമാസങ്ങളായി ക്യാമ്പസിലുണ്ട്.

"ചിത്രീകരണ ഒരുക്കവുമായി ബന്ധപ്പെട്ട് ബർസെയുടെ ക്യാമ്പസിൽ നാലു പെൺകുട്ടികൾക്ക് സോക്കർ പരിശീലനം നൽകുന്നത് കാണുന്നുണ്ട്. അവർ ഞങ്ങൾക്കും ഓഡിഷൻ സംഘടിപ്പിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഞങ്ങൾക്ക് എന്തെങ്കിലും വേഷമുണ്ടാകുമോ എന്നറിയില്ല ", ഗ്രാമവാസികളിൽ ഒരാളായ ഭൂമിക ദേശ്‌മുഖ് പറയുന്നു.

സിനിമയുടെ ചിത്രീകരണം ആദ്യം സാവിത്രിഭായി ഫുലെ പൂനെ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതിനായി സെറ്റ് നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ അഭിനയിക്കേണ്ട മറ്റു കുട്ടികൾ നാഗ്പൂരിൽ നിന്നുള്ളവരായതുകൊണ്ട് ഷൂട്ടിംഗ് ഈ ക്യാമ്പസിലേക്കു മാറ്റുകയായിരുന്നു. നവംബർ 9 ന് ചിത്രീകരണമാരംഭിക്കും. നവംബർ 15 ഓടെ അമിതാഭ് ബച്ചൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

ബച്ചനെ പലചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും താരത്തെ നേരിട്ട് കാണുന്നതിൽ വലിയ ആവേശമൊന്നും ബർസെയ്ക്ക് ഇല്ല. "ബച്ചനെ നേരിട്ട് കാണുന്നത് സന്തോഷം തന്നെയാണ്. പക്ഷേ അമിത ആവേശം ഞാനൊഴിവാക്കും. ആദ്യം, സിനിമ നല്ല രീതിയിൽ പൂർത്തിയാക്കി വിജയകരമായി ഓടട്ടെ," എന്നാണ് ബർസെ പ്രതികരിച്ചത്.

"അദ്ദേഹം എപ്പോഴും അങ്ങനെ തന്നെയാണ്. ആദ്യം സിനിമ പൂർത്തിയാകട്ടെ എന്നാണ് പറയുന്നത്," ബർസെയുടെ മകനും സ്ലം സോസറിന്റെ സിഇഒയുമായ അഭിജീത് പറയുന്നു. അച്ഛനൊപ്പം ജോലി ചെയ്യാനായി അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാഗ്പൂരിലെത്തിയതാണ് അഭിജീത്.

സംവിധായകനായ മഞ്ജുളിന്റെ​ ആദ്യപടമാണെങ്കിലും ചിത്രം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബർസെ പറയുന്നു. "ഞാൻ മനസ്സിലാക്കിയിടത്തോളം എന്റെ കുട്ടികളെ പോലെ തന്നെ വളരെ ചെറിയ പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിയാണ് മഞ്ജുളും," ബർസെ കൂട്ടിച്ചേർത്തു. " സംവിധായകൻ അയാളുടെ കാഴ്ചപ്പാടിന് അനുസരിച്ച് സിനിമ ഒരുക്കുന്നതിൽ എനിക്ക് യാതൊരുവിധ പ്രശ്നവുമില്ല. സ്ലം സോക്കർ പ്രൊജക്റ്റിനെ കുറിച്ച് പറയുന്ന ചിത്രം, ശരിയായ സന്ദേശം കൊടുക്കണം എന്നു മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്," ബർസെ പറഞ്ഞു നിർത്തുന്നു.

Amitabh Bachchan Film Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: