ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന്റെ പിറന്നാളാണിന്ന്. അര്‍ജുന് ആശംസകള്‍ നേര്‍ന്ന് അനുജത്തി ജാന്‍വി കപൂര്‍ കുറിച്ച വാക്കുകള്‍ മനോഹരമാണ്. ജാന്‍വിയും ഖുഷിയും അന്‍ഷുലയും അര്‍ജുനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് ജാന്‍വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
തങ്ങളുടെ ശക്തി അര്‍ജുനാണെന്നും തങ്ങള്‍ അര്‍ജുനെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സോനം കപൂറിന്റെ വിവാഹദിനത്തിലെടുത്ത ചിത്രമാണ് ജാന്‍വി പങ്കുവച്ചിരിക്കുന്നത്.
You are the reason for our strength. Love you, happy birthday Arjun bhaiya
ശ്രീദേവിയുടെ മരണശേഷമാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയുടെ മക്കളായ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും ജാന്‍വിയും ഖുഷിയുമായി അടുക്കുന്നത്. ബോണി കപൂര്‍ പെണ്‍മക്കള്‍ക്കൊപ്പം അര്‍ജുന്റെ വീട്ടില്‍ പോകുകയും ചെയ്‌തിരുന്നു. ശ്രീദേവി മരിച്ച സമയത്ത് കുടുംബത്തിന് എല്ലാ പിന്തുണയുമായി ഒപ്പം നിന്നതും അര്‍ജുനും അന്‍ഷുലയുമാണ്.
ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക്കിന്റെ ട്രെയിലര്‍ ലോഞ്ച് സമയത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അര്‍ജുന്‍ ജാന്‍വിക്കെഴുതിയ കുറിപ്പും വാര്‍ത്തയായിരുന്നു. ഹൃദയംകൊണ്ട് ഞാന്‍ നിനക്കൊപ്പം ഉണ്ടെന്നായിരുന്നു അന്ന് അര്‍ജുന്‍ കുറിച്ചത്.
‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്. ‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ ഇതായിരുന്നു അന്ന് ട്വിറ്ററിലെ അർജുന്റെ വാക്കുകൾ.
Read More: സിനിമ എളുപ്പമല്ല, പക്ഷെ ചേട്ടന്‍ കൂടെയുണ്ട്: ജാന്‍വിക്ക് അര്‍ജ്ജുന്‍ കപൂറിന്റെ വാക്ക്
അർജുൻ കപൂർ മുമ്പും ജാൻവിക്കു വേണ്ടി നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുമ്പ് ജാൻവിയുടെ വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ച മാധ്യമത്തിനെതിരെ അർജുൻ പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു. ‘നിങ്ങളുടെ കണ്ണുകള്‍ ഇങ്ങനെ ശരീരത്തിലേക്ക് തിരച്ചില്‍ നടത്തുന്നത് നാണക്കേടാണെന്നും, ഇങ്ങനെയാണ് നമ്മുടെ രാജ്യം സ്ത്രീകളെ നോക്കിക്കാണുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്’ എന്നും അര്‍ജുന്‍ പറഞ്ഞു.
ജാൻവിയുടെ ആദ്യ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ സൈറത്തിന്റെ ബോളിവുഡ് പതിപ്പാണ് ധടക്. ശശാങ്ക് ഖെയ്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിലെ നായകന്‍. ജാന്‍വിയുടെ ആദ്യ ചിത്രം എന്ന പോലെ ഇഷാന്‍ ഖട്ടറിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ധടക്. ഇറാനി സംവിധായകന്‍ മജീദ് മാജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന്‍ അഭിനയരംഗത്തേക്ക് എത്തിയത്.