യാഷ് ചോപ്ര സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ ചാന്ദ്നി എന്ന ചിത്രം സിനിമാപ്രേക്ഷകർക്ക് അത്രവേഗം മറക്കാനാവില്ല. ശ്രീദേവിയും വിനോദ് ഖന്നയും പ്രധാന വേഷങ്ങളിലെത്തിയ ഈ റൊമാന്റിക് മ്യൂസിക്കൽ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ചാന്ദ്നിയിലെ ശ്രീദേവിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വിഷയമാവുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ശ്രീദേവിയുടെ മകൾ ജാൻവി തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഏതാനും ഫോട്ടോകളാണ് ശ്രീദേവിയേയും ചാന്ദ്നി എന്ന ചിത്രത്തെയും ഓർമിപ്പിക്കുന്നത്. ചിത്രത്തിൽ ശ്രീദേവി ബ്ലാക്ക് ലെയ്സ് സാരിയണിഞ്ഞ് എത്തുന്നുണ്ട്. ജാൻവി ഷെയർ ചെയ്ത ചിത്രങ്ങളിലും സമാനമായ ബ്ലാക്ക് ലെയ്സ് സാരി കാണാം. ഇത് അമ്മയുടെ ചാന്ദ്നി സാരിയാണോ എന്നാണ് ആരാധകർ ജാൻവിയോ് ചോദിക്കുന്നത്.
എന്നാൽ ചാന്ദ്നി ഡിസൈനിൽ നിന്നും പ്രചോദനമുൾകൊണ്ട് നിർമ്മിച്ച സാരിയാണ് ഇത്.
ശ്രീദേവി മരിച്ചിട്ട് നാലുവർഷം പിന്നിടുമ്പോഴും അമ്മയില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാവുന്നില്ലെന്ന് സോഷ്യൽ മീഡിയ കുറിപ്പുകളിൽ ജാൻവി പലകുറി പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ അമ്മയെ കുറിച്ചുള്ള കുറിപ്പുകളും ജാൻവി ഷെയർ ചെയ്യാറുണ്ട്.
ശ്രീദേവിയുടെ ജന്മദിനമാണ് ഇന്ന്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരാൻ ജാൻവി ഇത്തവണയും മറന്നിട്ടില്ല. “ജന്മദിനാശംസകൾ മമ്മ. ഞാൻ നിങ്ങളെ ഓരോ ദിവസവും കൂടുതൽ കൂടുതൽ മിസ് ചെയ്യുന്നു. എക്കാലത്തേക്കും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് ജാൻവി കുറിച്ചത്.
ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.
ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ് ശ്രീദേവിക്ക്. ‘ധടക്’ സിനിമയിലൂടെ ജാൻവി ബോളിവുഡിലേക്കെത്തിയിരുന്നു. അതുകഴിഞ്ഞ് സോയ അക്തറിന്റെ ആന്തോളജി ഫിലിം ‘ഗോസ്റ്റ് സ്റ്റോറീസി’ൽ അഭിനയിച്ചു. ഗുഞ്ചൻ സക്സേനയുടെ ബയോപിക്, ഹൊറർ കോമഡി സിനിമ ‘റൂഹിഅഫ്സാന’, ‘ദോസ്താന 2’, സംവിധായകൻ സിദ്ധാർത്ഥ് സെൻഗുപ്തയുടെ ഗുഡ് ലക്ക് ജെറി എന്നിവയാണ് ജാൻവിയുടെ മറ്റു ചിത്രങ്ങൾ.