അടുർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാവുന്നതിൽ പ്രതിഷേധിച്ച് ചിത്രം പിൻവലിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ജിയോ ബേബി. ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫെസ്റ്റിവലിൽ നിന്ന് തന്റെ ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രം പിൻവലിക്കും എന്നാണ് ജിയോ ബേബി പറയുന്നത്.
“‘ഫ്രീഡം ഫൈറ്റ്’ സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫിലിമിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന , കെ എർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു,” ജിയോ ബേബി ഫേസ്കുറിപ്പിൽ പറഞ്ഞു.
ഉഴവൂർ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹൻ വിദ്യാർത്ഥികളോട് ജാതി വേർതിരിവ് കാണിക്കുന്നു എന്ന പരാതികൾ ഉയർന്നിരുന്നു. ജാതി വിവേചനം നടത്തിയ ശങ്കർ മോഹൻ രാജി വയ്ക്കുക എന്ന ആവശ്യവുമായി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരം ചെയ്തുവരികയാണ്. വിദ്യാർത്ഥി സമരം ഇന്നേക്ക് 14 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിൽ സിനിമപ്രവർത്തകരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ബിജിബാൽ, ജിയോ ബേബി തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.