ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ ഭാഗ്യ സംവിധായകന്‍ ജീത്തു ജോസഫ്. ഇമ്രാന്‍ ഹാഷ്മിയെ നായകനാക്കിയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ ആദ്യ ചിത്രം ഒരുക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി താനൊരുക്കിയ ദൃശ്യം എന്ന ചിത്രം കണ്ടിട്ടാണ് ഹിന്ദിയില്‍ നിന്നും ഓഫര്‍ വന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ‘ആദി’ തിയേറ്ററുകളില്‍ എത്തിയതിനു ശേഷം അടുത്തതായി ഒരു ഹിന്ദി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും.

ഒരു ഹോളിവുഡ് ചിത്രത്തെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ അവകാശങ്ങള്‍ വാങ്ങിയ ശേഷമാണ് നിര്‍മാതാക്കള്‍ ജീത്തുവിനെ സമീപിക്കുന്നത്.

മലയാളത്തില്‍ നിരവധി ത്രില്ലറുകള്‍ ചെയ്തു പരിചയമുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, ഊഴം, ലക്ഷ്യം എന്നിവ ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലര്‍ ചിത്രങ്ങളാണ്. ഇവ കൂടാതെ, മൈ ബോസ്, മമ്മി ആന്‍ഡ് മീ, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയും ജീത്തുവിന്റെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

ജനുവരി 26നാണ് ആദിയുടെ റിലീസ്. ഇരുന്നൂറില്‍ പരം സ്‌ക്രീനുകളിലായാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ഒരു തുടക്കക്കാരന് കിട്ടുന്നതില്‍ ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിന് ലഭിക്കുന്നത്. അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ